Tuesday, May 31, 2011

The story of my facebook profile!

Did not like Facebook before, but habituated to that by now,

Liked Orkut before, but started disliking it by now,

Blogger was a passion, Twitter took it over.

Ran mad behind Buzz, but started hating that too!

Any change today becomes a routine next day

And becomes boring the day after that.



Is Life is that complex or too simple?

The time still has to answer,

Even though it was answered and being answered repeatedly

To different people, in different ways!

The core is same, whether the death of an emperor or a beggar

All the same, the end of his existence!

Tuesday, December 9, 2008

ശങ്കരസ്തുതി

കമലനയനം, അരുണവദനം
ജടിതകേശം, രൌദ്രരൂപം
ചുടലഭസ്മം, സർപ്പമാല്യം
ജടയിൽ ഗംഗ, ചന്ദ്രധാരിം

കളഭചർമ്മം, ഋഷഭയാനം
മൃത്യുദേവം, ഭൂതനാഥം
ത്രിനയനവദനം, നീലകണ്ഠം
ക്ഷിപ്രകോപം, ശാന്തഭാവം

ഗർവ്വനാശം, കാമനാശം
പാപനാശം, മോക്ഷദാനം
ഭക്തിഭാവം ഭൂവിഭാഗേ

ഹിമവൽപുത്രീപതിം, രുദ്രം
മഹാദേവം വന്ദയാമി.

കലികാലചിന്തകൾ

അന്നത്തിനായി യാചിക്കുമ്പോൾ
ലഭിക്കുന്നത് ആയുധങ്ങളാണ്.
കഥപറയാനറിയാത്തവർ...
അല്ല, കഥതന്നെ ഇല്ലാത്തവർ...

മറ്റുള്ളവരുടെ തലയെടുത്ത്
റബ്ബർസീലുണ്ടാക്കുന്നവർ!
സ്വന്തം തലകൊടുത്ത് പുണ്യം നേടുന്നവർ!
***
വഴിയരികിൽ ഞാൻ ഹിന്ദുവിനെ കണ്ടിരിക്കുന്നു,
മുസൽമാനെ കണ്ടിരിക്കുന്നു,
കൃസ്ത്യനെയും, പാഴ്സിയെയും, സിഖുകാരനെയും കണ്ടിരിക്കുന്നു.

ഇനി, പട്ടിയെയും പൂച്ചയെയും കാക്കയെയും കാണുന്നപോലെ
ഒരു "മനുഷ്യനെ" ഒന്നു കാണാൻ കഴിഞ്ഞിരുന്നെങ്കിൽ!!!
***
എല്ലാം സൃഷ്ടിക്കപ്പെടുന്നു; സൃഷ്ടിയിൽ വിലയം പ്രാപിക്കുന്നു..!

പക്ഷേ സൃഷ്ടി!!!

ഹിന്ദുവിനെ ബ്രഹ്മാവും,
ഇസ്ലാമിനെ അല്ലാഹുവും,
ക്രിസ്ത്യാനിയെ യഹോവയും
(പിതാവും) സൃഷ്ടിച്ചു!!!

പക്ഷേ, സൃഷ്ടിയുടെ പേരിൽ സമരം; ഭീകരവാദം??

ഇപ്പോൾ ഞാനൊരു ജാലകമാണ്.
സൃഷ്ടികർത്താവിനെ തിരയുന്ന ജാലകം!
എന്റെ സൃഷ്ടികർത്താവാരെന്നതാണ് ഇന്നെന്റെ സംശയം!
***
എനിക്കും ആയുധമെടുത്തേ പറ്റൂ!
ഞാൻ ഹിന്ദുവെങ്കിൽ ശ്രീരാമനുവേണ്ടി,
ഞാൻ ഇസ്ലാമെങ്കിൽ ജിഹാദിനുവേണ്ടി
ഞാൻ ക്രിസ്ത്യനെങ്കിൽ ആർക്കൊക്കെയോ വേണ്ടി!
എന്റെ ദൈവത്തിനുവേണ്ടി ഞാൻ കൊന്നാലെന്താ?
***
വാൽക്കഷ്ണം:
അല്ലാ, ദൈവത്തിന്റെ ജോലികൾ നമ്മൾ
എളുപ്പമാക്കിക്കൊടുക്കണമല്ലോ!!!

Monday, December 8, 2008

ഒരിത്തിരി സ്നേഹം തേടി...

അവൾ ഒരു സ്ത്രീയായിരുന്നു.
അവളുടെ ദാരിദ്ര്യവും വിശപ്പും അവളെ ഒരു വേശ്യയാക്കി.
പണമുള്ള ആഗ്രഹക്കാരെ
അരമണിക്കൂർ നേരത്തേയ്ക്കവൾ സ്നേഹിച്ചു;
പകരം നീലനിറമുള്ള കറൻസികൾ എണ്ണിവാങ്ങി.

ഒരുദിനം അവൻ അവൾക്കരുകിലെത്തി.
അവന്റെ കണ്ണുകൾ, വിടർന്ന നെഞ്ച്
അവയുടെ കാന്തശക്തി അവളിൽ എന്തോ വികാരം ഉണർത്തി.
അവളവനെ ആത്മാർത്ഥമായി സ്നേഹിച്ചു; ജീവിതത്തിലാദ്യമായി

കാര്യം കഴിഞ്ഞപ്പോൾ പണംകൊടുത്തശേഷം അവൻ യാത്രയായി.

അവൾ തനിക്കും ഒരു പുരുഷനുണ്ടായിരുന്നെങ്കിൽ എന്നോർത്തു
ഒരു പുരുഷന്റെ കരവലയത്തിലൊതുങ്ങുന്നതിന്റെ സുരക്ഷിതത്വവും സന്തോഷവും
തനിക്കില്ലാതെപോയ സമാധാനവും അവളിൽ എന്തെന്നില്ലാത്ത നഷ്ടബോധം വളർത്തി.

നഷ്ടബോധം കണ്ണീർത്തുള്ളികളായി അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങുമ്പോൾ
സ്നേഹമില്ലാത്ത ജീവിതത്തിന്റെ വ്യർത്ഥതയെ വിളിച്ചോതിക്കൊണ്ട്
ആരോ അവളുടെ വാതിലിൽ മുട്ടുന്നുണ്ടായിരുന്നു.

Friday, December 5, 2008

പുതിയ പോസ്റ്റുകൾ ചിന്ത ബ്ലോഗ് റോളിൽ ലിസ്റ്റ് ചെയ്യുന്നില്ല

എന്റെ പുതിയ പോസ്റ്റുകൾ ചിന്ത ബ്ലോഗ് റോളിൽ ലിസ്റ്റ് ചെയ്യുന്നില്ല. ഒന്നു സഹായിയ്ക്കാമോ?

Monday, December 1, 2008

ആത്മാവും, കുറേ ജാലകങ്ങളും

സ്ഥലം: കവിതാരചനാമത്സരവേദി
സമയം: ജനുവരി 13, 2002, രാവിലെ പതിനൊന്നാവാൻ പത്തുമിനിട്ട്.

ഞാൻ ചെയ്യുന്നത്:
എഴുതുവാനില്ലെനിക്കൊന്നുമെന്നാലുമെൻ
തൂലിക പയ്യെ തുടിച്ചിടുന്നു
ശുന്യമാം മാനസം വാടിത്തളന്നുപോയ്
ചിന്തയും ശ്രദ്ധയും വന്നിടാതെ.

വിഷയംകിടക്കുന്നു "ബോർഡിന്റെ" മദ്ധ്യത്തിൽ
മാമകചിത്തത്തെ ഭേദിക്കാതെ!
സത്യത്തിലെന്തോ വരുന്നുണ്ടുചിന്തയിൽ
എന്താണെന്നൊട്ടുമേ വ്യക്തമല്ല.

മറ്റുള്ളവർ:
എഴുതുകയാണവർ കടലാസിൽ സ്വന്തമാം
ചിത്തത്തിൽ വന്നതു പോലെയൊക്കെ
അതിചിന്താധാരയിൽ ഉജ്ജ്വലമാണവ
അത്യാധുനികങ്ങൾ തന്നെയല്ലോ

വരികൾക്കൊരീണവും താളവുമില്ലാതെ
മുറുകിക്കിടക്കുന്നപോലയത്രേ
ചിട്ടയോ വട്ടമോ വേണ്ടാത്തതാകയാൽ
ആശയവ്യക്തതയൊട്ടുമില്ല.

*****

അത്യാധുനികമാം കവിതയ്ക്കു വൃത്തവും ഈണവു
മൊന്നുമേ വേണ്ടെങ്കിലോ?
ആസ്വാദ്യയോഗ്യമായില്ലെങ്കിലും മർത്ത്യ മാനസ-
ഖണ്ഡമായ് തീർന്നിടണ്ടേ?!!

ആശയവ്യക്തതയില്ലാത്ത ചിന്തയ്ക്കു
ചാലാകും സൃഷ്ടിക്കു വൃത്തമില്ല
താളാത്മകമല്ല മാനുഷചിന്തകൾ
അതിനാൽ കവിതയ്ക്ക് ഈണമില്ല.

സ്ഥായിയാമവ്യക്തഭാവം സ്ഫുരിക്കുന്ന
കവിതയാനൊന്നാമതെന്ന ചിന്ത
കൊണ്ടുനടക്കുന്ന പാവംകവികൾതൻ
സൃഷ്ടിക്കോ ഇമ്പമോ ഈണമോ ഇല്ലതന്നേ.

എന്താണുകവിതയെന്നാലോചിക്കാനായി
ചിന്താസംഘർഷാധീനനായ് ഞാൻ
തോന്നിയപോലെന്തോ വരികൾകുറിച്ചിട്ടു
കടലാസു പയ്യേ മടക്കിവച്ചു.

*****

താളമാണേറ്റം പ്രധാനമെന്നാലുമേ
ചിന്തയ്ക്കു പാത്രമായ് തീർന്നിടുമ്പോൾ
വ്യ്ത്യാസമേറുന്നു താളത്തിനാദ്യമായ്
ആശയകാഠിന്യത്തോടുകൂടി.

എങ്കിലുമേറ്റവും താളബോധത്തോടെ
ചിന്താവൃത്താദിസംയുക്തമായി
തോന്നുന്ന വിഷയത്തിൽ കുത്തിക്കുറിക്കുന്ന
വരികൾ കവിതകൾ തന്നെയത്രേ!

വാൽക്കഷ്ണം:
തേനിൻമധുരവും ചിന്തയും താളവും
വൃത്തവും ചേർന്നുള്ളകൂട്ടുലോഹം
നോവും മനസ്സെന്ന മൂശയിൽ വീഴുമ്പോൾ
ഒഴുകുന്ന കവിതയായ് മാറിടുന്നു.
(പഴയ പ്ലസ്‌ടൂ ഡയറിയിൽ നിന്നും ഒരു കവിതകൂടി)

സഖീ, നിനക്കായ്

ഭ്രമരഗണാസദൃശശുഭകേശിനീ, സഖീ
മാരിവിൽസദൃശചില്ലീ, വർണ്ണസുന്ദരാംഗീ
പങ്കജാസദൃശസുലോചനേ, സുചിത്രേ
അരുണസൂര്യാസദൃശ മൃദുമാംസളാധരേ
തുമ്പപ്പൂസദൃശദന്തേ, സുമധുരമന്ദഹാസേ
പൂർണ്ണചന്ദ്രികാസദൃശസുമുഖസുന്ദരരൂപിണീ
പർവ്വതാസദൃശപീനശുഭകോമളസ്തനേ
മഹാഗിരീസദൃശ സുന്ദരീനിതംബേ, സൌമ്യേ
സൂര്യപ്രഭാസദൃശോജ്വലപ്രകാശരൂപേ
സരസ്വതീസദൃശബുദ്ധിശാലിനീ, പ്രിയേ
ശ്രീലക്ഷ്മീസദൃശയശോധനേ, മമചാരുശീലേ
ശ്രീപാർവതീസദൃശ സുകോമളസൌന്ദര്യധാമേ
സർവ്വാംഗസുന്ദരീമണീ, ദേവീ, സർവ്വമംഗളകാരിണീ
സർവ്വാഭിവൃദ്ധിപ്രിയേ, ഭവ്യേ, സുസ്മിതേ മമസ്നേഹിതാഗ്രേ

ഹേ, വർണ്ണനാസാദ്ധ്യശോഭനേ, സുചിത്രശീലേ
പ്രണയിനീ, അറിയുമോ മാമകമൂകപ്രേമം

(പഴയ ഡയറിയുടെ താളുകളിൽനിന്നും

ഈ കവിത പ്ലസ്‌റ്റുവിന് പഠിക്കുമ്പോൾ എന്റെ അറിയപ്പെടാത്ത പ്രണയിനിയ്ക്കായി എഴുതിയതാണ്. എന്തുകൊണ്ടോ, ഇതിൽ ഒരു ഭക്തിയുടെ ഒരു ലാഞ്ജനകാണുന്നുവെങ്കിൽ, എന്റെ വായനയുടെ കുറവായിരിക്കാം കാരണം. ഇത് സെപ്‌റ്റംബർ 22, 2000നു എഴുതിയതാണ്.)

Tuesday, October 14, 2008

പ്രണയഗാഥ

ഞാനറിയാതെന്റെ അകതാരിലായ്
നറുനിലാവേകുന്നു നീ ചന്ദ്രികയായ്.

കൂരിരുട്ടാർന്നൊരീ ഹൃത്തടത്തിൽ
ജ്യോതിയേകുന്നു നീ പൌർണ്ണമിയായ്.

മ്ലാനമാകും മമജീവിതത്തിൽ
ഉല്ലാസമായിനീ വന്നുചേർന്നു.

പ്രണയാഗ്നിതൻ താപമേറ്റുവാടും
തളിർമുല്ലമൊട്ടകുമെൻമനസ്സ്
വിരഹമാം വേനലിൽ രക്തമറ്റു
മരുഭൂമിപോലെ വരണ്ടുപോയി.

എന്നിടനെഞ്ചിനുള്ളിൽ ഒളിച്ചിരിക്കും
അനുരാഗമെന്നു നീ തിരിച്ചറിയും?
നവജീവനേകുന്ന കുളിർസ്പർശമായ്
നവവർഷമായ് നീ വരാത്തതെന്തേ?

Wednesday, September 10, 2008

പൊന്നോണാശംസകൾ

നാളെ ഉത്രാടം!
മഹാബലിത്തമ്പുരാന്റെ വരവിനുകാതോർത്തുകൊണ്ട് ഒന്നാം ഓണം ആഘോഷിക്കുന്ന ഓരോ മലയാളിക്കും വിശ്വസ്പന്ദനത്തിന്റെയും ചന്ദൂട്ടന്റെയും പൊന്നോണാശംസകൾ.

Monday, June 9, 2008

ഇന്റർവ്യൂ ടിപ്‌സ്

എം.സി.ഏയ്ക്ക് പഠിക്കുന്ന കാലം. ഞങ്ങളെയെല്ലാം എവിടെയെങ്കിലും പ്ലേസാക്കിയേ പണ്ടാറടങ്ങൂന്നും കൽപ്പിച്ച് ഡിപ്പാർട്ടുമെന്റും മാനേജുമെന്റുംകൂടി ഞങ്ങളെ ഏതെങ്കിലും കൊമ്പത്ത് കേറ്റുന്നത് ജീവിതവ്രതമാക്കിയെടുത്ത പേർസണാലിറ്റി ആന്റ് കാരീർ ഡെവലപ്പേർസിനെക്കൊണ്ട് നാഴികയ്ക്ക് നാല്പത്‌വട്ടം ക്ലാസെടുപ്പിക്കുന്ന കാലം. ദിവസോം ഉച്ചയ്ക്ക്ശേഷം പേർസണാലിറ്റി ഡെവലപ്പുചെയ്യാനെന്നും പറഞ്ഞ് ഞങ്ങടെ സാമ്പത്തികനിലതകർക്കുന്ന പ്രോഗ്രാമുകളുമായി ഓരോരുത്തന്മാർ വന്ന് കത്തിവെച്ച് കൊല്ലുക സാധാരണമായിരുന്നു.

പതിവുപോലെ ഒരു പേർസണാലിറ്റി ക്ലാസ്. ക്ലാസ് കൊഴുക്കുമ്പോഴും അപ്പുറത്തിരിക്കുന്ന പെമ്പിള്ളേരുടെ മോന്തേം നോക്കി ചുമ്മാ വായും പൊളിച്ച് കോട്ടുവായും വിട്ട് എല്ലാരും അണ്ടിപോയ അണ്ണാനെപ്പോലിരിക്കുകയാണ്. ഇന്റർവ്യൂവിനിടെ ഇന്റർവ്യൂവർ ചായനൽകിയാൽ കുടിക്കണോ? വേണേൽ എങ്ങനെ കുടിക്കണം, കുടിക്കുന്നതിനിടെ അത് തട്ടിപ്പോയാലെന്തുചെയ്യും, തുടങ്ങിയ അത്യാവശ്യം എപ്പോഴും ഉപയോഗപ്പെടുന്ന കാര്യങ്ങളെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുകയാണ് നമ്മുടെ ട്രൈനർ.

ഓർമ്മയില്ലേ, നമ്മുടെ സണ്ണിതരകനെ? അവനങ്ങ് ചൊറിഞ്ഞുവന്നു. വളരെ മാന്യമായി എഴുന്നേറ്റ് നിന്ന് അവൻ തനിക്കൊരു സംശയമുണ്ടെന്ന് ട്രൈനറെ അറിയിച്ചു. ക്ലാസിലിരുന്ന് കൂർക്കം വലിച്ചുറങ്ങാറുള്ള സണ്ണിതരകന്റെ ഈ മാറ്റം എച്ച്.ഓ.ഡിയുടെ കണ്ണുകളെ ഈറനണിയിക്കവേ, സണ്ണി തന്റെ സംശയം ട്രൈനറുടെ അടുത്ത് ഉന്നയിച്ചു.

"അപ്പൊ സാറേ, ഈ ഇന്റർവ്യൂവിനിടെ വളിവിടാൻ മുട്ടിയാലോ? എന്താ ചെയ്യാ?"

അവന്റെ നിഷ്കളങ്കമായചോദ്യത്തിനുമുമ്പിലാണോ, അതോ പിള്ളേരുടെ ചിരിയുടെ ശബ്ദത്തിനിടയിലാണോ എന്തോ, നമ്മുടെ ട്രൈനർ ആ ക്ലാസ് അവിടെവച്ചുനിർത്തി.

Thursday, June 5, 2008

വീണ്ടുമൊരു പരിസ്ഥിതി ദിനം കൂടി

ഇന്ന് ജൂൺ അഞ്ച്.

ലോക പരിസ്ഥിതിദിനമായി ആചരിക്കുന്ന ദിവസം.

ഉത്തരാധുനികതയുടെ കുത്തൊഴുക്കിൽ ഈ പ്രകൃതിക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് അതിന്റെ നൈസർഗികതയാണ്.

മണ്ണും വെള്ളവും വായുവും മനസ്സുമെല്ലാം വിഷലിപ്തവും മലീമസവുമായിക്കഴിഞ്ഞിരിക്കുന്നു.

ആഗോളതാപനവും പ്രകൃതിവിഭവക്ഷാമവും മലിനമായ പരിസ്ഥിതിയും മനുഷ്യന്റെ വളർച്ച പ്രകൃതിയ്ക്കുനൽകിയ സംഭാവനയാണ്!

തന്നെ കരുപ്പിടിപ്പിക്കാനുള്ള ശ്രമത്തിനിടെ, താനിരിക്കുന്ന കൊമ്പിന്റെ കടയ്ക്കുതന്നെയായിരുന്നു മനുഷ്യൻ കോടാലിവെച്ചുകൊണ്ടിരുന്നത്. ഇനിയും അതങ്ങനെയാകാനേ തരമുള്ളൂ.

ജീവിക്കുന്ന ഓരോ നിമിഷവും ഓരോ മനുഷ്യനും ഈ പരിസ്ഥിതിയ്ക്ക് മരണം സംഭാവന ചെയ്യുകയാണ്. പ്ലാസ്റ്റിക്, ഇലക്‌ട്രോണിക്, മെക്കാനിക്കൽ, ഇൻഡസ്ട്രിയൽ വേസ്റ്റുകളുൽപ്പാദിപ്പിക്കാതെ, പരിസ്ഥിതിയെ മലിനപ്പെടുത്താതെ, ഒരു ദിവസം പോലും ഒരു ഗ്രാമീണനുപോലും ജീവിക്കാനാവില്ല എന്ന നിലയിലെത്തിനിൽക്കുന്ന ഉത്തരാധുനികത ഇനിയും വളരുക തന്നെയാണ്.

ഇനിയുള്ള തലമുറ എങ്ങിനെ ജീവിക്കുമെന്നത് എന്തായാലും നമ്മുടെ പ്രശ്നമല്ലല്ലോ, അല്ലേ?

നമ്മുടെയും നമ്മുടെ തറവാടായ ഭൂമിയുടെയും അന്ത്യം ഇനിയുമകലെയല്ലെന്നറിഞ്ഞുകൊണ്ടുതന്നെ നമുക്കും ആഘോഷിക്കാം ഒരു പരിസ്ഥിതി ദിനം കൂടി.

എല്ലാവർക്കും വിശ്വസ്പന്ദനത്തിന്റെ ഹൃദയം നിറഞ്ഞ പരിസ്ഥിതിദിനാശംസകൾ

Friday, May 9, 2008

ഇന്റർനെറ്റ് എക്സ്പ്ലോററും മലയാളവും.

മലയാളം എങ്ങനെ വിൻഡോസിൽ ഇൻസ്റ്റാൾ ചെയ്യണമെന്നും, ഇന്റർനെറ്റ് എക്സ്പ്ലോററിൽ കോൺഫിഗർ ചെയ്യണമെന്നും നമ്മൾ ഒരായിരം തവണ കേട്ടതാണെങ്കിൽക്കൂടിയും, അക്ഷര എഡിറ്ററിലെ ഈ പോസ്റ്റിലൂടെ ഞാനിത് ഒരു തവണകൂടി ഉദാഹരണസഹിതം നിങ്ങൾക്കുമുമ്പിലെത്തിക്കുകയാണ്. ഇഷ്ടപ്പെട്ടില്ലെങ്കിൽ, തുടക്കക്കാർക്ക് ഉപകാരപ്പെടുമല്ലോ എന്ന് കരുതി ക്ഷമിക്കുക

Wednesday, May 7, 2008

മലയാളം മോസില്ല ഫയർഫോക്‌സിൽ

മോസില്ല ഫയർഫോക്സിൽ മലയാളം കോൺഫിഗർ ചെയ്യുന്നതെങ്ങനെയെന്ന് അറിയാവുന്നവർ ഒന്നു പറഞ്ഞുതന്നാൽ ഉപകാരമായിരുന്നു.

ഞാനുപയോഗിക്കുന്നത് മോസില്ല ഫയർഫോക്‌സ് വിൻഡോസ് വേർഷൻ 2.0.0.14 ആണ്. പത്മ ഇൻസ്റ്റാൾ ചെയ്തിട്ടുമുണ്ട്.

Thursday, May 1, 2008

മേയ് ദിനാശംസകൾ

എല്ലാ മലയാളികൾക്കും വിശ്വസ്പന്ദനത്തിന്റെ ഹൃദയം നിറഞ്ഞ മേയ് ദിനാശംസകൾ.

Tuesday, April 15, 2008

നല്ല മണമുള്ള ഒരു സാധനം

വളരെ നാൾ മുമ്പാണ്. ഞങ്ങൾ നാലാംതരത്തിൽ പഠിക്കുന്ന കാലം. ഞങ്ങൾ എന്ന് പറയുമ്പോൾ സോജു, ജിത്തു, ചിഞ്ചു, സണ്ണി എന്നിങ്ങനെ തണ്ണീർക്കോട് സ്‌കൂളിലെ ടീച്ചർമാരുടെ മക്കളുടെ ഒരു കൺസോർഷ്യമാണുകേട്ടോ. അതുകൊണ്ടുതന്നെ ഞങ്ങൾക്ക് കിട്ടിയിരുന്ന സ്പെഷൽ പരിഗണനകൾ ഒരുപാടുണ്ടായിരുന്നു. ക്ലാസിൽ ചോദ്യം ചോദിക്കുമ്പോൾ ആദ്യം ഉത്തരം പറയാനവസരം പലപ്പോഴും ഞങ്ങൾക്കാവാറുണ്ട്. അടീം പിടീം ഒന്നൂല്ല്യ! അതോണ്ടന്നെ, ഞാൻ കാണിച്ചിരുന്ന തല്ലുകൊള്ളിത്തരത്തിൻ ഒരതിരുമില്ലായിരുന്നു. പലപ്പോഴും സഹികെട്ട് കൊച്ചുമോൾ ടീച്ചർ പിടിച്ചുനിർത്തി ചന്തിക്ക് പൂശൂന്നതും, ടീച്ചറെന്താച്ചാ ചീതോ, നിക്കൊന്നൂല്ല്യാ.. എന്ന ഭാവത്തിൽ ഞാനത് കൊള്ളുന്നതും സ്ഥിരമായിരുന്നു.

ഇത്രേം ചരിത്രം. ഇനി കാര്യത്തിലേക്കുവരാം.

ഇതുപോലത്തെ ഒരു ചോദ്യോത്തര വേള. ശിവൻ മാഷ് ഘ്രാണശക്തിയെക്കുറിച്ച് പഠിപ്പിക്കാനൊരുങ്ങുകയാണ്.

"ഡാ, നല്ല മണമുള്ള ഒരു സാധനത്തിന്റെ പേരുപറയെടാ.."

ഇത്തവണ ചോദ്യം മോനമ്മടീച്ചറുടെ മകൻ സണ്ണി തരകനോടാണ്. അവന്റെ കണ്ണുരണ്ടും തള്ളിപ്പോയി. നല്ല മണമുള്ള സാധനം..? പറയുമ്പോ ഏറ്റവും നല്ല മണമുള്ള സാധനം തന്നെ പറയണം. ഇല്ലേൽ സ്റ്റാറ്റസ്സിന് വല്ല്യ കൊറച്ചിലാവും. ഒട്ടും ആലോചിക്കാൻ നിക്കാതെ സ്വതസിദ്ധമായ ശൈലിയിൽ വന്നു അവന്റെ ഉത്തരം

"തീട്ടം, മാഷേ....നല്ല മണമല്ലേ?"

ശിവൻമാഷുടെ കൈയ്യിലെ വടിയിൽനിന്നുമുയരുന്ന സീൽക്കാരശബ്ദവും സണ്ണിയുടെ അലറിക്കരച്ചിലും ക്ലാസ്സിലെ പൊട്ടിച്ചിരികൾക്കിടയിലും വ്യക്തമായി കേൾക്കാമായിരുന്നു.

Tuesday, April 8, 2008

പച്ചതത്ത

വർഷങ്ങൾക്കുമുമ്പുള്ള ഒരു തണുത്ത പ്രഭാതം. ഞാനന്ന് പ്ലസ് ടുവിന് പഠിക്കുന്നു. മനസ്സിൽ പ്രണയത്തിന്റെ നനുത്ത തൂവൽസ്പർശമായി കടന്നുവന്ന അവളോട് എന്റെ പ്രണയം തുറന്നുപറയാൻ എന്റെ അപകർഷതാബോധം അന്നും എന്നെ അനുവദിച്ചിരുന്നില്ല. അന്നത്തെ പ്രണയത്തിന്റെ തീക്കാറ്റിൽ സ്‌ഫുടം ചെയ്ത ഒരു കൊച്ചുപൈങ്കിളിക്കവിതയാകട്ടെ ഇത്തവണ. തുഞ്ചന്റെ കിളിപ്പെണ്ണ് മലയാളഭാഷയാണെങ്കിൽ എന്റെ കിളിപ്പെണ്ണെന്റെ നിശ്ശബ്‌ദപ്രണയമായിരുന്നു. ഏഴുവർഷങ്ങൾക്കുമുമ്പേ എഴുതിയ ഒരേട് ഓർമ്മയിൽനിന്നും ഇവിടെ തുന്നിച്ചേർക്കുന്നു.

പച്ചിലയ്ക്കൊത്ത പച്ചനിറമുള്ള-
തത്തക്കുഞ്ഞിനെ കണ്ടുഞാൻ സോദരാ...
എത്രയെത്രയോ സന്തോഷദായകം
ശാരികപ്പൈതൽ തന്നുടെ താരുടൽ

ഉദയസൂര്യന്റെയരുണവർണ്ണത്താലോ
ഇത്രയും ചോപ്പേറുന്നകൊക്കുകൾ
നല്ലകുന്നിക്കുരുമണിപോലെയോ
നന്മയേറുന്ന സുന്ദരനേത്രങ്ങൾ

തുടുതുടുപ്പുള്ള പച്ചപ്പട്ടൊത്തൊരു
മിനുമിനാ മിനുങ്ങുന്നൊരു ദേഹവും
കാണുമ്പോഴാർക്കും വിസ്മയം തോന്നുന്ന
ഭാവവും തന്നതാരാണുസോദരീ

പോരുമോ നിന്നെ ഞാനെന്റെ നെഞ്ചിലെ
ചൂടേറുന്നൊരു കൂട്ടിൽ വളർത്തിടാം
പ്രേമത്തോടൊപ്പം പാലും പഴങ്ങളും
ആവോളം തന്നു പോറ്റിടാം നിന്നെഞാൻ

എന്റെ ജീവൻ കളഞ്ഞും ഞാൻ നിന്നുടെ
പ്രാണനെ കാത്തു രക്ഷിക്കാം സുന്ദരീ
പോരുകില്ല ഞാനെന്നുചൊല്ലല്ലെനീ
പാവമെന്നെ ഹതാശനാക്കീടല്ലേ.

Wednesday, April 2, 2008

നിർവികാരത

അങ്ങനെ ഒരുദിനം കൂടി എന്റെ ജീവിതത്തിൽനിന്നും അടർന്നുവീണീരിക്കുന്നു. അറിയേണ്ടതറിയാതെയും ചെയ്യേണ്ടത് ചെയ്യാതെയും സമയം തള്ളിനീക്കുകയെന്നത് ഇപ്പോൾ പതിവായിരിക്കുകയാണ്. ഒരുതരം നിർവികാരത രക്തത്തിലലിഞ്ഞുചേർന്നിരിക്കുന്നു.

രാവിലെയെഴുന്നേറ്റ് സൂര്യോദയം കാണുമ്പോഴേക്കും "ഛേ, കഷ്ട"മെന്ന് തോന്നാറുണ്ട്. ഈ സൂര്യൻ ഉദിക്കാതിരുന്നെങ്കിൽ, ആഴ്ചയിലോരോ ദിവസവും ഞായറാഴ്ചകൾ പോലെ അവധിദിവസങ്ങളായിരുന്നെങ്കിൽ! ഒരുദിവസമെങ്കിലും ആറുമണിയോടെ, വേണ്ട ഏഴുമണിയോടെ വീട്ടിലെത്താൻ കഴിഞ്ഞെങ്കിൽ!! ചിന്തകൾ വേദനകളാകുമ്പോൾ പരിഭവം പറയാതെ, രണ്ടുപിടി അരി കഴുകി കുക്കറിൽ വേവിക്കാൻ വെച്ച് നിർവികാരനായിരിക്കാറുണ്ട്.

കാലം കടന്നുപോകുന്നതറിയാതെ, ഇന്നലെകളെക്കുറിച്ചോർത്ത്, ഇന്നിന്റെ മാധുര്യമാസ്വദിക്കാനാവാതെ, ഇന്നിനെ ഇന്നലെയാക്കി നാളെ അനുഭവിക്കേണ്ടിവരുന്ന ഒരുതരം വിഭ്രാന്തിയിൽ ദിനങ്ങളൊഴുകിനീങ്ങുകയാണ്. രാവിലെ രണ്ടുമണിക്ക് ജോലികഴിഞ്ഞ് തിരിച്ചുവന്ന്, എട്ടരയ്ക്കുതന്നെ തിരിച്ചെത്തേണ്ടിവരുമ്പോഴും നിർവികാരമായ പുഞ്ചിരിയുടെ വിരിപ്പിനുള്ളിൽ മനസ്സിനെ മൂടിവയ്ക്കാറുണ്ട്.

കാടുകേറി, മേടുകേറി, മരംകേറി, മലകേറി ചിന്തകളങ്ങനെ വിഹരിക്കുമ്പോൾ, മരവിച്ചമനസ്സുമാത്രം എനിക്കുകൂട്ടാകുന്നു. മനസ്സും ശരീരവുമായുള്ള ഭൌതികമായ ബന്ധം വിഛേദിക്കപ്പെടുന്നതിനെയാണ് മരണമെന്ന് വിളിക്കുന്നതെങ്കിൽ, ഞാനെന്നേ മരിച്ചുകഴിഞ്ഞിരിക്കുന്നു! മനസ്സില്ലാത്ത ഒരു ശരീരവും പേറി ഞാൻ നടന്നുനീങ്ങുമ്പോളും രാത്രി പകലും പകൽ രാത്രിയുമാക്കി കാലം തന്റെ കളി തുടരുകയാണ്.

Friday, March 21, 2008

അക്ഷര ഇൻഡിക് ഡെവലപ്പർ ബീറ്റ 2

അക്ഷര ഇൻഡിക് ഡെവലപ്പർ ബീറ്റ 2 (മൈനർ ബിൽഡ് 0.0.0.10) ഞാനിന്ന് നിങ്ങൾക്കായി സമർപ്പിക്കുന്നു. ഡൌൺലോഡ് ചെയ്യാനുള്ള ലിങ്ക് ഇവിടെ കൊടുത്തിട്ടുണ്ട്. ഉപയോഗിച്ചുനോക്കി അഭിപ്രായം പറയുമല്ലോ അല്ലേ?

Monday, March 10, 2008

അക്ഷര 0.0.0.9 ഡെവലപ്പർ ബീറ്റ 1

അക്ഷരയുടെ ഡെവലപ്പർ ബീറ്റ 1 റിലീസ് ചെയ്തിരിക്കുന്നു! കൂടുതൽ വിവരങ്ങൾക്കും ഡൌൺലോഡ് ചെയ്യുന്നതിനും ഇവിടെ ക്ലിക്ക് ചെയ്യൂക!

ഓ.ടോ: ഇനി ഗൂഗ്ൾ സേർച്ചിൽ നിങ്ങളുടെ ചില്ലക്ഷരങ്ങൾ നഷ്ടപ്പെടില്ല! അക്ഷര യൂണിക്കോഡ് 5.1.0 ഉപയോഗിക്കുന്നു

Saturday, March 8, 2008

അക്ഷര 0.0.0.9 ഡവലപ്പര്‍ ബീറ്റ റിലീസ്‌ 1

ഒരുപാടുദിവസത്തെ ഭഗീരഥപ്രയത്നത്തിനൊടുവില്‍, അക്ഷര ഇന്‍ഡിക്‌ സ്ക്രിപ്റ്റ്‌ ജെനെറേറ്ററിന്റെ 0.0.0.9 ഡെവെലപ്പര്‍ ബീറ്റ (9th Minor Build Developer Beta) മാര്‍ച്ച്‌ 15നു നിങ്ങള്‍ക്കായി സമര്‍പ്പിക്കുകയാണ്‌. ഇത്‌ അപൂര്‍ണ്ണവും, റെന്‍ഡെറിങ്ങിലും സ്ക്രിപ്റ്റ്‌ ജെനെറേഷനിലും ഒരുപാട്‌ അപാകതകള്‍ നിറഞ്ഞതുമാണെങ്കിലും നിങ്ങളുടെ സ്വകാര്യതയ്ക്കും, കമ്പ്യൂട്ടറിനും യാതൊരു അപകടവുമുണ്ടാക്കാത്ത രീതിയിലാണ്‌ ഇത്‌ എഴുതിയിരിക്കുന്നത്‌. ഏതുഭാഷയിലേക്കും ട്രാന്‍സ്ലിറ്ററേഷന്‍ സാധ്യമാകുംവിധം, പ്ലഗ്ഗ്‌-ഇന്‍ അടിസ്ഥാനമാക്കി എഴുതിയിരിക്കുന്ന യൂണിക്കോഡ്‌ എന്‍ജിനും, വളരെ സുശക്തമായ എക്സപ്‌ഷന്‍ മാനേജുമെന്റും, പരിപൂര്‍ണമായും യൂണിക്കോഡ്‌ 5.1.0 ലിപിമാറ്റവും, സുന്ദരവും ടാബ്ബ്‌ഡ്‌ ഡോക്ക്യുമെന്റ്‌ സപ്പോര്‍ട്ടോടുകൂടിയതുമായ യൂസര്‍ ഇന്റെര്‍ഫേസും അക്ഷരയ്ക്ക്‌ മാറ്റുപകരുന്നു.

ആര്‍ക്കിടെക്‍ച്ചര്‍:

അക്ഷര എഡിറ്ററിന്റെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ താഴെ വിവരിക്കുന്നു

1. യൂസര്‍ ഇന്റര്‍ഫേസ്‌ മാനേജര്‍:
ബ്രൗസര്‍ ബേസ്‌ഡ്‌ ഡയറക്റ്റ്‌ യൂണിക്കോഡ്‌ റെന്‍ഡെറിങ്ങോടുകൂടിയ ടാബ്ബ്‌ഡ്‌ ഡോക്ക്യുമെന്റുകളാണ്‌ അക്ഷരക്ക്‌. വരമൊഴിയിലേതുപോലെ, ഒരു എഡിറ്റര്‍ കണ്ട്രോളും, ഒരു ബ്രൗസര്‍കണ്ട്രോളുമാണ്‌ പ്രധാനം. ടൈപ്പുചെയ്യുന്നതിനനുസരിച്ച്‌, അക്ഷര, ലിപിമാറ്റംവരുത്തിയ അക്ഷരങ്ങള്‍ ടാര്‍ഗറ്റ്‌ കണ്ട്രോളില്‍ ചേര്‍ത്തുകൊണ്ടിരിക്കും. നിങ്ങള്‍ക്ക്‌ ഇവിടെ നിന്നും അക്ഷരങ്ങള്‍ കോപ്പിചെയ്ത്‌ ഉപയോഗിക്കുവാന്‍ വളരെ എളുപ്പമാണ്‌. ഫയല്‍ ഐ.ഓ. അടുത്ത ബീറ്റയുടെ കൂടെ എഴുതിചേര്‍ക്കുന്നതാണ്‌.

2. യൂണീക്കോഡ്‌ എന്‍ജിന്‍:
അക്ഷരയുടെ യൂണിക്കോഡ്‌ എന്‍ജിന്‍ വളരെ സുശക്തവും, ഒന്നിലധികം ഭാഷകള്‍ക്ക്‌ പിന്തുണനല്‍കാന്‍ കഴിയുംവിധം പ്ലഗ്‌ ഇന്‍ സപ്പോര്‍ട്ടോടുകൂടിയാണ്‌ ഉദ്ദേശിക്കുന്നത്‌. കോണ്‍ഫിഗറേഷന്‍ മാനേജറില്‍ എഴുതുന്നതുപോലെ, അക്ഷര .Net Reflection എന്ന ഒരു സൂത്രമുപയോഗിച്ച്‌ dynamic invocation ലൂടെ ലിപിമാറ്റം വരുത്തുന്ന രീതിയാണ്‌ ഉദ്ദേശിക്കുന്നതെങ്കിലും അത്‌ ഈ വേര്‍ഷനില്‍ ചേര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിനായി എക്സ്‌.എം.എല്‍ നിവേശനരീതിയിലൂടെയാകും അക്ഷര ഇന്‍പുട്ട്‌ സ്വീകരിക്കുക. ഉദാഹരണത്തിന്‌ <en>..</en> എന്ന ടാഗുകള്‍ക്കുള്ളില്‍ ടൈപ്പുചെയ്യുന്നത്‌ ഇംഗ്ലീഷിലായിരിക്കും അക്ഷര റെന്‍ഡര്‍ ചെയ്യുക. ഈ സൂത്രവിദ്യയും, അക്ഷരയോടുകൂടി ഇപ്പോള്‍ ചേര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല

3. എക്സപ്‌ഷന്‍ മാനേജര്‍:
മിക്കവാരും എല്ലാ റണ്‍ടൈം തെറ്റുകളെയും അക്ഷര പിടികൂടുകയും, അവയുടെ സിവിയേറിറ്റി അനുസരിച്ച്‌ അവഗണിക്കുകയോ ലോക്കല്‍ സിസ്റ്റത്തിലോ, ഡെവെലപ്പര്‍ നോട്ടിഫിക്കേഷനായോ, ഓണ്‍ലൈനായോ പബ്ലിഷ്‌ ചെയ്യുകയും ചെയ്യുന്നതരത്തിലാണ്‌ എക്സപ്‌ഷന്‍ മാനേജറെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്‌. അക്ഷരയുടെ എക്സപ്‌ഷന്‍ സിവിയേരിറ്റി ലവലുകളെ Negligible, Low, Below Normal, Above Normal, High, Critical എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു. Low ന്‌ മുകളിലുള്ള എക്സപ്ഷനുകള്‍ ഉപയോക്താവിനെ അറിയിക്കുകയും, എങ്ങനെയാണ്‌ പ്രസാധനം ചെയ്യേണ്ടത്‌ എന്നന്വേഷിക്കുകയും ചെയ്യുന്നത്‌ ഒരു ഡയലോഗിലൂടെയാണ്‌. ഓണ്‍ലൈനായി പ്രസാധനം ചെയ്യുന്ന തെറ്റുകള്‍ ഉടനേതന്നെ, http://akshara-eventlog.blogspot.com എന്ന വിലാസത്തില്‍ പ്രത്യക്ഷമാകുകയും ചെയ്യും. എക്സപ്‌ഷന്‍ മാനേജര്‍ ഈ റിലീസില്‍ ചേര്‍ത്തിട്ടുണ്ട്‌.

4. കോണ്‍ഫിഗറേഷന്‍ മാനേജര്‍:
ഏതൊരു .Net അപ്ലിക്കേഷനെയും പോലെ അക്ഷര വിന്‍ഡോസ്‌ രെജിസ്റ്ററി ഉപയോഗിക്കുന്നില്ല. അക്ഷരയുടെ കോണ്‍ഫിഗറേഷനുകള്‍ ഒരു എക്സ്‌.എം.എല്‍ ഫയലിലാണ്‌ സൂക്ഷിക്കപ്പെടുക. ഉപയോക്താവിനുവേണ്ടി അതില്‍ വേണ്ടുന്ന മാറ്റങ്ങള്‍ വരുത്തുകയും, അവയെല്ലാം രേഖപ്പെടുത്തിവയ്ക്കുകയുമാണ്‌ കോണ്‍ഫിഗറേഷന്‍ മാനേജറിന്റെ ധര്‍മ്മം. പുതിയ ഭാഷ്കള്‍ക്കുവേണ്ടി പ്ലഗ്‌-ഇന്‍ നുകള്‍ കോണ്‍ഫിഗറേഷന്‍ മാനേജറാണ്‌ ഇന്‍സ്റ്റാള്‍ ചെയ്യുന്നത്‌. കോണ്‍ഫിഗറേഷന്‍ ഫയല്‍ ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ടെങ്കിലും കോണ്‍ഫിഗറേഷന്‍ മാനേജര്‍ ഇപ്പോഴും പൂര്‍ണ്ണമല്ല.

Installation requirements:
1. Microsoft .Net 2.0 Environment
2. Microsoft Internet Explorer
3. Font: Anjali Old Lipi

അറിയുന്ന പ്രശ്നങ്ങള്‍:
1. അപ്ലിക്കേഷന്‍ പൂര്‍ണ്ണമായും ഒപ്റ്റിമൈസ്‌ ചെയ്തിട്ടില്ല.
2. എക്സപ്‌ഷന്‍ മാനേജര്‍ ഒഴികെ, മൊഡ്യൂളുകള്‍ പൂര്‍ണ്ണമായിട്ടില്ല.
3. മലയാളം ലിപിമാറ്റം അപൂര്‍ണ്ണമാണ്‌

ഡെവലപ്‌മെന്റിന്റെ അടുത്തഘട്ടത്തിലേക്ക്‌ കടക്കുന്നതിനുമുമ്പേ, പ്രവര്‍ത്തന മികവിനും, കമ്പ്യൂട്ടര്‍ റിസോഴ്‌സ്‌ ഉപയോഗം കുറക്കുന്നതിനും വേണ്ടി അക്ഷരയ്ക്ക്‌ ചില റീ ആര്‍കിടെക്‍ചര്‍ പ്ലാനുകള്‍ ഉദ്ദേശിക്കുന്നുണ്ട്‌. അക്ഷര നിങ്ങള്‍ ഉപയോഗിച്ച ശേഷം അത്‌ എങ്ങനെയെല്ലാം, എവിടെയെല്ലാം മാറ്റങ്ങള്‍ വരുത്തണമെന്ന് നിര്‍ദ്ദേശിക്കുക.

ഡൗണ്‍ലോഡ്‌ ചെയ്യുവാന്‍:
അക്ഷരയുടെ 0.9 ഡവലപ്പര്‍ ബീറ്റ 1 വിന്‍-റാര്‍ ഫൊര്‍മാറ്റില്‍ ഇവിടെ കൊടുത്തിരിക്കുന്നു. Right Click on the link and Choose Save Target As
കുറിപ്പ്‌: ഈ ബീറ്റാ റിലീസ്‌ മാര്‍ച്ച്‌ 15 മുതല്‍ മാത്രമേ ഈ ലിങ്കില്‍ ലഭ്യമാവുകയുള്ളൂ. ഏപ്രില്‍ 13നു മുമ്പായി സ്റ്റേബിള്‍ ബീറ്റ ലഭ്യമാക്കാന്‍ ശ്രമിക്കാം.
സ്ക്രീന്‍ ഷോട്ടുകള്‍:


1. Akshara Editor Window



2.Generated Unicode Values for verification



3. Error Notification Dialog