Monday, December 8, 2008

ഒരിത്തിരി സ്നേഹം തേടി...

അവൾ ഒരു സ്ത്രീയായിരുന്നു.
അവളുടെ ദാരിദ്ര്യവും വിശപ്പും അവളെ ഒരു വേശ്യയാക്കി.
പണമുള്ള ആഗ്രഹക്കാരെ
അരമണിക്കൂർ നേരത്തേയ്ക്കവൾ സ്നേഹിച്ചു;
പകരം നീലനിറമുള്ള കറൻസികൾ എണ്ണിവാങ്ങി.

ഒരുദിനം അവൻ അവൾക്കരുകിലെത്തി.
അവന്റെ കണ്ണുകൾ, വിടർന്ന നെഞ്ച്
അവയുടെ കാന്തശക്തി അവളിൽ എന്തോ വികാരം ഉണർത്തി.
അവളവനെ ആത്മാർത്ഥമായി സ്നേഹിച്ചു; ജീവിതത്തിലാദ്യമായി

കാര്യം കഴിഞ്ഞപ്പോൾ പണംകൊടുത്തശേഷം അവൻ യാത്രയായി.

അവൾ തനിക്കും ഒരു പുരുഷനുണ്ടായിരുന്നെങ്കിൽ എന്നോർത്തു
ഒരു പുരുഷന്റെ കരവലയത്തിലൊതുങ്ങുന്നതിന്റെ സുരക്ഷിതത്വവും സന്തോഷവും
തനിക്കില്ലാതെപോയ സമാധാനവും അവളിൽ എന്തെന്നില്ലാത്ത നഷ്ടബോധം വളർത്തി.

നഷ്ടബോധം കണ്ണീർത്തുള്ളികളായി അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങുമ്പോൾ
സ്നേഹമില്ലാത്ത ജീവിതത്തിന്റെ വ്യർത്ഥതയെ വിളിച്ചോതിക്കൊണ്ട്
ആരോ അവളുടെ വാതിലിൽ മുട്ടുന്നുണ്ടായിരുന്നു.

3 comments:

  1. അങ്ങനെ ആഗ്രഹിയ്ക്കാനുള്ള അവളുടെ അവകാശം പോലും നിഷേധിയ്ക്കപ്പെടുന്നു... അല്ലേ

    ReplyDelete
  2. നിഷേധിക്കപ്പെടുന്നതോ അതോ സ്വയം വരുത്തിത്തീർക്കുന്നതോ, എന്തോ!
    വെറുതേ തോന്നി, വെറുതേ എഴുതി
    നന്ദി, ശ്രീ

    ReplyDelete
  3. പലരുടെയും ജീവിതം അങ്ങനെയും..

    ReplyDelete