ബഡ്ജറ്റ് വാര്‍ത്തകള്‍ വായിക്കുമ്പോള്‍ ഒരുതരം നിര്‍വികാരതയാണ് തോന്നിയത്! ജോലിസമയം 10മണിക്കൂറാക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നു പോലും! ആദ്യം, ഇതിലെന്താ ഇത്ര പുതുമ എന്നു ചിന്തിച്ചെങ്കിലും, പിന്നീട് ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചോര്‍ത്തു!
പശ്ചാത്യരാജ്യങ്ങളിലെ സാമ്പത്തികമാന്ദ്യം ഭാരതീയസാമ്പത്തികാവസ്ഥയെ ബാധിക്കാതിരിക്കാന്‍വേണ്ടിയെന്നൊരു മുടന്തന്‍ ന്യായവുമായാണ് ജോലിസമയം വര്‍ദ്ധിപ്പിക്കുന്നത്. മനുഷ്യന് എന്താ 8 മണിക്കൂറേ പണിയെടുക്കാന്‍ പാടുള്ളോ എന്നു ചോദിച്ചാല്‍, തീര്‍ച്ചയായും അല്ല. ആകെയുള്ള 24 മണിക്കൂറില്‍ മനുഷ്യന്‍ 10 മണിക്കൂര്‍ ജോലിചെയ്യുകയും, 8 മണിക്കൂര്‍ ഉറങ്ങുകയും ചെയ്താല്‍ പിന്നെ എന്തുണ്ടാകും ബാക്കി എന്നതാണിവിടെ എന്റെ പ്രശ്നം! ജോലിക്കുപോയിവരുമ്പോഴെക്കും ശേഷമുള്ളതില്‍ ഒരു മൂന്നുമണിക്കൂര്‍ കാലി. കുളി തുടങ്ങിയ പ്രാഥമിക കൃത്യങ്ങള്‍ക്ക് രണ്ടുനേരവുംകൂടി 2 മണിക്കൂര്‍! ഇനി ബാക്കി 1 മണിക്കൂറാണോ ആകെ ജീവിതം? ഇനി പാശ്ചാത്യരാഷ്ട്രങ്ങളിലെ സാമ്പത്തികാവസ്ഥ മെച്ചപ്പെട്ടാല്‍ ഇവിടെ 6 മണിക്കൂര്‍ ജോലി ചെയ്താല്‍മതി എന്നിവര്‍ പറയുമോ ആവോ? (എന്തായാലും 24x7 എന്നൊന്നും പറയാതിരുന്നത് നന്നായെന്നുതോന്നുന്നു)
ഇനി കമ്യൂണിസം ഒഴിവാക്കി ചിന്തിച്ചാല്‍ ഇതിന് സാമൂഹികമായും പല വശങ്ങളുണ്ടെന്ന് കാണാന്‍ കഴിയും. ഒരു സാധാരണ മനുഷ്യന് അവന്റെ ജോലിപോലെത്തന്നെ പ്രധാനമാകണം കുടുംബവും. ഇനിയുള്ള തലമുറയ്ക്ക് സ്നേഹവും, വാല്‍സല്യവും പകരുകയും, അവരെ നേരായ വഴിക്കുനയിക്കുകയും, മനുഷ്യന്റെ മൃദുലവികാരങ്ങളെ സൂക്ഷ്മമായി സമൂഹത്തിലെ വാല്യൂസിസ്റ്റങ്ങളുമായി വിളക്കിച്ചേര്‍ത്ത് ആരോഗ്യപരമായ ജീവിതാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യേണ്ടത് ശക്തമായ കുടുംബബന്ധങ്ങളിലൂടെയാണ്. ജോലിസമയം വര്‍ദ്ധിപ്പിക്കുന്നതിലൂടെ, ഒരു സാധാരണ മനുഷ്യന് ഇതൊന്നും സാധിക്കാതെ വരുന്നു. സ്വന്തം ഭാര്യയോടും കുട്ടികളോടും 'ഹായ് ബൈ' ബന്ധം മാത്രം സൂക്ഷിക്കുന്ന ഭര്‍ത്താക്കന്മാരുടെയും, സ്വന്തം കുഞ്ഞിന് അമ്മിഞ്ഞപ്പാല്‍കൂടി നിഷേധിക്കുന്ന അമ്മമാരുടേയും എണ്ണം ഇനിയും വര്‍ദ്ധിക്കുകയും, തന്മൂലം നമുക്ക് വളര്‍ന്നുവരുന്ന ഒരു തലമുറയെ മുഴുവന്‍ നാശത്തിന്റെ പാതയിലേക്ക് തള്ളിവിടേണ്ടിവരികയും ചെയ്യും!
മനുഷ്യജീവിതം തികച്ചും യാന്ത്രികമാകുന്നതോടെ സമ്മര്‍ദ്ദങ്ങള്‍ക്കടിമപ്പെട്ട് ജോലിയെടുക്കുന്ന പാവകളായി നമ്മുടെ പൗരന്മാര്‍ തരംതാഴ്‌ത്തപ്പെകയും പൊതുജനങ്ങളുടെ മാനസികാരോഗ്യനില തകരാറിലാവുകയും ചെയ്തേക്കും. പിന്നെ, മനഃസമാധാനത്തിനായി സ്വാമിമാരും ആള്‍ദൈവങ്ങളും മറ്റുകള്ളനാണയങ്ങളുമൊക്കെയാവും നമുക്കാശ്രയം!
ചുരുക്കത്തില്‍, പൊതുജീവിതം യാന്ത്രികമാവുകയും മനുഷ്യമനസ്സാക്ഷി മരിക്കുകയും ബന്ധങ്ങള്‍ അകന്നുപോകുകയും സാമൂഹികാരക്ഷിതത്വത്തിലേക്ക് എവരേയും തള്ളിവിടുകയും ചെയ്തുകൊണ്ട് ഭാരതീയതയുടെ കടയ്ക്കുതന്നെ കത്തിവയ്ക്കുന്ന ഒരു തീരുമാനമാകും ഈ സമയവര്‍ദ്ധന!
വാല്‍ക്കഷ്‌ണം: ഒരു ദിവസം 24 മണിക്കൂറില്‍നിന്ന് വര്‍ദ്ധിക്കാതിരിക്കുന്നേടത്തോളം, ഈ സമയവര്‍ദ്ധന ഐ.ടി ജീവനക്കാരെ അത്ര വലുതായിട്ടൊന്നും ബാധിക്കാന്‍ പോകുന്നില്ലെന്ന് തോന്നുന്നു.