Wednesday, April 2, 2008

നിർവികാരത

ങ്ങനെ ഒരുദിനം കൂടി എന്റെ ജീവിതത്തിൽനിന്നും അടർന്നുവീണീരിക്കുന്നു. അറിയേണ്ടതറിയാതെയും ചെയ്യേണ്ടത് ചെയ്യാതെയും സമയം തള്ളിനീക്കുകയെന്നത് ഇപ്പോൾ പതിവായിരിക്കുകയാണ്. ഒരുതരം നിർവികാരത രക്തത്തിലലിഞ്ഞുചേർന്നിരിക്കുന്നു.

രാവിലെയെഴുന്നേറ്റ് സൂര്യോദയം കാണുമ്പോഴേക്കും "ഛേ, കഷ്ട"മെന്ന് തോന്നാറുണ്ട്. ഈ സൂര്യൻ ഉദിക്കാതിരുന്നെങ്കിൽ, ആഴ്ചയിലോരോ ദിവസവും ഞായറാഴ്ചകൾ പോലെ അവധിദിവസങ്ങളായിരുന്നെങ്കിൽ! ഒരുദിവസമെങ്കിലും ആറുമണിയോടെ, വേണ്ട ഏഴുമണിയോടെ വീട്ടിലെത്താൻ കഴിഞ്ഞെങ്കിൽ!! ചിന്തകൾ വേദനകളാകുമ്പോൾ പരിഭവം പറയാതെ, രണ്ടുപിടി അരി കഴുകി കുക്കറിൽ വേവിക്കാൻ വെച്ച് നിർവികാരനായിരിക്കാറുണ്ട്.

കാലം കടന്നുപോകുന്നതറിയാതെ, ഇന്നലെകളെക്കുറിച്ചോർത്ത്, ഇന്നിന്റെ മാധുര്യമാസ്വദിക്കാനാവാതെ, ഇന്നിനെ ഇന്നലെയാക്കി നാളെ അനുഭവിക്കേണ്ടിവരുന്ന ഒരുതരം വിഭ്രാന്തിയിൽ ദിനങ്ങളൊഴുകിനീങ്ങുകയാണ്. രാവിലെ രണ്ടുമണിക്ക് ജോലികഴിഞ്ഞ് തിരിച്ചുവന്ന്, എട്ടരയ്ക്കുതന്നെ തിരിച്ചെത്തേണ്ടിവരുമ്പോഴും നിർവികാരമായ പുഞ്ചിരിയുടെ വിരിപ്പിനുള്ളിൽ മനസ്സിനെ മൂടിവയ്ക്കാറുണ്ട്.

കാടുകേറി, മേടുകേറി, മരംകേറി, മലകേറി ചിന്തകളങ്ങനെ വിഹരിക്കുമ്പോൾ, മരവിച്ചമനസ്സുമാത്രം എനിക്കുകൂട്ടാകുന്നു. മനസ്സും ശരീരവുമായുള്ള ഭൌതികമായ ബന്ധം വിഛേദിക്കപ്പെടുന്നതിനെയാണ് മരണമെന്ന് വിളിക്കുന്നതെങ്കിൽ, ഞാനെന്നേ മരിച്ചുകഴിഞ്ഞിരിക്കുന്നു! മനസ്സില്ലാത്ത ഒരു ശരീരവും പേറി ഞാൻ നടന്നുനീങ്ങുമ്പോളും രാത്രി പകലും പകൽ രാത്രിയുമാക്കി കാലം തന്റെ കളി തുടരുകയാണ്.

4 comments:

  1. ഒരു കണക്കിനു നോക്കുകയാണെങ്കില്‍ എല്ലാരും തന്നെ ഇന്നിനെ ഇന്നലെയാക്കി നാളെയെ കയ്യെത്തിപ്പിടിക്കാന്‍ ഓടുകയല്ലേ..ഇടക്കെപ്പോഴോ ഈ ഓട്ടത്തിനിടയില്‍ മനസ്സു ഒരു നിര്‍വികാരതയിലേക്കു കൂപ്പുകുത്തുന്നു..എല്ലാ ദിനവും ഞായര്‍ ആയെങ്കില്‍ എന്നു വിചാരിക്കുമ്പോഴും ഇനി വരുന്ന ഞായറാഴ്ചകളെക്കുറിച്ചോര്‍ത്തു നമ്മള്‍‍ക്കു സന്തോഷിക്കാമല്ലോ..നിര്‍വികാരതയില്‍ നിന്നും മോചനം കിട്ടുക ഒരുപക്ഷേ ഇത്തരം കൊച്ചു കൊച്ചു പ്രതീക്ഷകളില്‍ നിന്നായിരിക്കും.....

    ReplyDelete
  2. പ്രതീക്ഷകളില്ലാതെയാവുന്ന ഒരവസ്ഥയെക്കുറിച്ചാണ് ഞാൻ എഴുതിയത്. ഓരോ തവണയും ഓരോന്ന് പ്രതീക്ഷിച്ച് പ്രതീക്ഷിച്ച് അവ ഓരോരുത്തരുടെ മർക്കടമുഷ്ടികാരണം നടക്കാതെ വന്ന് നടക്കാതെ വന്ന് ഇപ്പോൾ പുതിയ പ്രതീക്ഷകൾ പോലും ഇല്ലാതായിരിക്കുന്നു!

    എന്നാലും, ഞാൻ സന്തുഷ്ടനാണ് ട്ടോ! ഒന്നൂല്ല്യേലും ഒരു ജോലീണ്ടല്ലോ! അതൂല്ല്യാണ്ടെ എത്രപേരാ..!

    അഭിപ്രായങ്ങൾക്ക് നന്ദി, റെയർ റോസ്.

    ReplyDelete
  3. ഇല്ല സുഹൃത്തേ,ജോലി ചെയ്യുമ്പോഴും ബാക്കികിട്ടുന്ന ആ 6 മണിക്കൂറും, അതൊക്കെ തന്നെയാണ് ജീവിതം.ആ സമയങ്ങളിലൊക്കെയും മനസ്സിനെ കൂട്ടുപിടിക്കൂ, വിഹ്വലതകളെ മാറ്റിവെയ്ക്കൂ...

    ആശംസകള്‍

    ReplyDelete
  4. പ്രിയ:
    അത്രേള്ളൂ! വീട്ടിൽവന്നാലൊരു നല്ല ഉറക്കം!

    ഇടക്കൊരു സംശയണ്ടാർന്നു; ഈ ജോലി ചെയ്യണത് ജീവിക്കാനാണോ, അതോ ജീവിക്കണത് ജോലി ചെയ്യാനാണോ എന്ന്.

    ഒന്നാലോചിച്ചിട്ട്, ഞാൻ ജോലിചെയ്യണത് ജീവിക്കാനാണെന്ന ഒരു പോളിസിയങ്ങെടുത്തതോടെ, ടോട്ടലി ക്ലിയർ! ഇപ്പൊ, അത്രേള്ളൂ.

    ഇതിന് വല്ല്യ പ്രാധാന്യൊന്നും കൊടുക്കണ്ടാട്ടോ! ഓരോ നേരത്തെ ഓരോ മൂഡ്; അത്രേം വിചാരിച്ചാമതി :)

    പിന്നെ, ഈ ജീവിതം ആറുമണിക്കൂറല്ലാട്ടോ, ഓരോ ദിവസവും ഇരുപത്തിനാലുമണിക്കൂറുതന്നെയാണ്.

    ReplyDelete