Tuesday, December 9, 2008

ശങ്കരസ്തുതി

മലനയനം, അരുണവദനം
ജടിതകേശം, രൌദ്രരൂപം
ചുടലഭസ്മം, സർപ്പമാല്യം
ജടയിൽ ഗംഗ, ചന്ദ്രധാരിം

കളഭചർമ്മം, ഋഷഭയാനം
മൃത്യുദേവം, ഭൂതനാഥം
ത്രിനയനവദനം, നീലകണ്ഠം
ക്ഷിപ്രകോപം, ശാന്തഭാവം

ഗർവ്വനാശം, കാമനാശം
പാപനാശം, മോക്ഷദാനം
ഭക്തിഭാവം ഭൂവിഭാഗേ

ഹിമവൽപുത്രീപതിം, രുദ്രം
മഹാദേവം വന്ദയാമി.

കലികാലചിന്തകൾ

അന്നത്തിനായി യാചിക്കുമ്പോൾ
ലഭിക്കുന്നത് ആയുധങ്ങളാണ്.
കഥപറയാനറിയാത്തവർ...
അല്ല, കഥതന്നെ ഇല്ലാത്തവർ...

മറ്റുള്ളവരുടെ തലയെടുത്ത്
റബ്ബർസീലുണ്ടാക്കുന്നവർ!
സ്വന്തം തലകൊടുത്ത് പുണ്യം നേടുന്നവർ!
***
വഴിയരികിൽ ഞാൻ ഹിന്ദുവിനെ കണ്ടിരിക്കുന്നു,
മുസൽമാനെ കണ്ടിരിക്കുന്നു,
കൃസ്ത്യനെയും, പാഴ്സിയെയും, സിഖുകാരനെയും കണ്ടിരിക്കുന്നു.

ഇനി, പട്ടിയെയും പൂച്ചയെയും കാക്കയെയും കാണുന്നപോലെ
ഒരു "മനുഷ്യനെ" ഒന്നു കാണാൻ കഴിഞ്ഞിരുന്നെങ്കിൽ!!!
***
എല്ലാം സൃഷ്ടിക്കപ്പെടുന്നു; സൃഷ്ടിയിൽ വിലയം പ്രാപിക്കുന്നു..!

പക്ഷേ സൃഷ്ടി!!!

ഹിന്ദുവിനെ ബ്രഹ്മാവും,
ഇസ്ലാമിനെ അല്ലാഹുവും,
ക്രിസ്ത്യാനിയെ യഹോവയും
(പിതാവും) സൃഷ്ടിച്ചു!!!

പക്ഷേ, സൃഷ്ടിയുടെ പേരിൽ സമരം; ഭീകരവാദം??

ഇപ്പോൾ ഞാനൊരു ജാലകമാണ്.
സൃഷ്ടികർത്താവിനെ തിരയുന്ന ജാലകം!
എന്റെ സൃഷ്ടികർത്താവാരെന്നതാണ് ഇന്നെന്റെ സംശയം!
***
എനിക്കും ആയുധമെടുത്തേ പറ്റൂ!
ഞാൻ ഹിന്ദുവെങ്കിൽ ശ്രീരാമനുവേണ്ടി,
ഞാൻ ഇസ്ലാമെങ്കിൽ ജിഹാദിനുവേണ്ടി
ഞാൻ ക്രിസ്ത്യനെങ്കിൽ ആർക്കൊക്കെയോ വേണ്ടി!
എന്റെ ദൈവത്തിനുവേണ്ടി ഞാൻ കൊന്നാലെന്താ?
***
വാൽക്കഷ്ണം:
അല്ലാ, ദൈവത്തിന്റെ ജോലികൾ നമ്മൾ
എളുപ്പമാക്കിക്കൊടുക്കണമല്ലോ!!!

Monday, December 8, 2008

ഒരിത്തിരി സ്നേഹം തേടി...

അവൾ ഒരു സ്ത്രീയായിരുന്നു.
അവളുടെ ദാരിദ്ര്യവും വിശപ്പും അവളെ ഒരു വേശ്യയാക്കി.
പണമുള്ള ആഗ്രഹക്കാരെ
അരമണിക്കൂർ നേരത്തേയ്ക്കവൾ സ്നേഹിച്ചു;
പകരം നീലനിറമുള്ള കറൻസികൾ എണ്ണിവാങ്ങി.

ഒരുദിനം അവൻ അവൾക്കരുകിലെത്തി.
അവന്റെ കണ്ണുകൾ, വിടർന്ന നെഞ്ച്
അവയുടെ കാന്തശക്തി അവളിൽ എന്തോ വികാരം ഉണർത്തി.
അവളവനെ ആത്മാർത്ഥമായി സ്നേഹിച്ചു; ജീവിതത്തിലാദ്യമായി

കാര്യം കഴിഞ്ഞപ്പോൾ പണംകൊടുത്തശേഷം അവൻ യാത്രയായി.

അവൾ തനിക്കും ഒരു പുരുഷനുണ്ടായിരുന്നെങ്കിൽ എന്നോർത്തു
ഒരു പുരുഷന്റെ കരവലയത്തിലൊതുങ്ങുന്നതിന്റെ സുരക്ഷിതത്വവും സന്തോഷവും
തനിക്കില്ലാതെപോയ സമാധാനവും അവളിൽ എന്തെന്നില്ലാത്ത നഷ്ടബോധം വളർത്തി.

നഷ്ടബോധം കണ്ണീർത്തുള്ളികളായി അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങുമ്പോൾ
സ്നേഹമില്ലാത്ത ജീവിതത്തിന്റെ വ്യർത്ഥതയെ വിളിച്ചോതിക്കൊണ്ട്
ആരോ അവളുടെ വാതിലിൽ മുട്ടുന്നുണ്ടായിരുന്നു.

Friday, December 5, 2008

പുതിയ പോസ്റ്റുകൾ ചിന്ത ബ്ലോഗ് റോളിൽ ലിസ്റ്റ് ചെയ്യുന്നില്ല

എന്റെ പുതിയ പോസ്റ്റുകൾ ചിന്ത ബ്ലോഗ് റോളിൽ ലിസ്റ്റ് ചെയ്യുന്നില്ല. ഒന്നു സഹായിയ്ക്കാമോ?

Monday, December 1, 2008

ആത്മാവും, കുറേ ജാലകങ്ങളും

സ്ഥലം: കവിതാരചനാമത്സരവേദി
സമയം: ജനുവരി 13, 2002, രാവിലെ പതിനൊന്നാവാൻ പത്തുമിനിട്ട്.

ഞാൻ ചെയ്യുന്നത്:
എഴുതുവാനില്ലെനിക്കൊന്നുമെന്നാലുമെൻ
തൂലിക പയ്യെ തുടിച്ചിടുന്നു
ശുന്യമാം മാനസം വാടിത്തളന്നുപോയ്
ചിന്തയും ശ്രദ്ധയും വന്നിടാതെ.

വിഷയംകിടക്കുന്നു "ബോർഡിന്റെ" മദ്ധ്യത്തിൽ
മാമകചിത്തത്തെ ഭേദിക്കാതെ!
സത്യത്തിലെന്തോ വരുന്നുണ്ടുചിന്തയിൽ
എന്താണെന്നൊട്ടുമേ വ്യക്തമല്ല.

മറ്റുള്ളവർ:
എഴുതുകയാണവർ കടലാസിൽ സ്വന്തമാം
ചിത്തത്തിൽ വന്നതു പോലെയൊക്കെ
അതിചിന്താധാരയിൽ ഉജ്ജ്വലമാണവ
അത്യാധുനികങ്ങൾ തന്നെയല്ലോ

വരികൾക്കൊരീണവും താളവുമില്ലാതെ
മുറുകിക്കിടക്കുന്നപോലയത്രേ
ചിട്ടയോ വട്ടമോ വേണ്ടാത്തതാകയാൽ
ആശയവ്യക്തതയൊട്ടുമില്ല.

*****

അത്യാധുനികമാം കവിതയ്ക്കു വൃത്തവും ഈണവു
മൊന്നുമേ വേണ്ടെങ്കിലോ?
ആസ്വാദ്യയോഗ്യമായില്ലെങ്കിലും മർത്ത്യ മാനസ-
ഖണ്ഡമായ് തീർന്നിടണ്ടേ?!!

ആശയവ്യക്തതയില്ലാത്ത ചിന്തയ്ക്കു
ചാലാകും സൃഷ്ടിക്കു വൃത്തമില്ല
താളാത്മകമല്ല മാനുഷചിന്തകൾ
അതിനാൽ കവിതയ്ക്ക് ഈണമില്ല.

സ്ഥായിയാമവ്യക്തഭാവം സ്ഫുരിക്കുന്ന
കവിതയാനൊന്നാമതെന്ന ചിന്ത
കൊണ്ടുനടക്കുന്ന പാവംകവികൾതൻ
സൃഷ്ടിക്കോ ഇമ്പമോ ഈണമോ ഇല്ലതന്നേ.

എന്താണുകവിതയെന്നാലോചിക്കാനായി
ചിന്താസംഘർഷാധീനനായ് ഞാൻ
തോന്നിയപോലെന്തോ വരികൾകുറിച്ചിട്ടു
കടലാസു പയ്യേ മടക്കിവച്ചു.

*****

താളമാണേറ്റം പ്രധാനമെന്നാലുമേ
ചിന്തയ്ക്കു പാത്രമായ് തീർന്നിടുമ്പോൾ
വ്യ്ത്യാസമേറുന്നു താളത്തിനാദ്യമായ്
ആശയകാഠിന്യത്തോടുകൂടി.

എങ്കിലുമേറ്റവും താളബോധത്തോടെ
ചിന്താവൃത്താദിസംയുക്തമായി
തോന്നുന്ന വിഷയത്തിൽ കുത്തിക്കുറിക്കുന്ന
വരികൾ കവിതകൾ തന്നെയത്രേ!

വാൽക്കഷ്ണം:
തേനിൻമധുരവും ചിന്തയും താളവും
വൃത്തവും ചേർന്നുള്ളകൂട്ടുലോഹം
നോവും മനസ്സെന്ന മൂശയിൽ വീഴുമ്പോൾ
ഒഴുകുന്ന കവിതയായ് മാറിടുന്നു.
(പഴയ പ്ലസ്‌ടൂ ഡയറിയിൽ നിന്നും ഒരു കവിതകൂടി)

സഖീ, നിനക്കായ്

ഭ്രമരഗണാസദൃശശുഭകേശിനീ, സഖീ
മാരിവിൽസദൃശചില്ലീ, വർണ്ണസുന്ദരാംഗീ
പങ്കജാസദൃശസുലോചനേ, സുചിത്രേ
അരുണസൂര്യാസദൃശ മൃദുമാംസളാധരേ
തുമ്പപ്പൂസദൃശദന്തേ, സുമധുരമന്ദഹാസേ
പൂർണ്ണചന്ദ്രികാസദൃശസുമുഖസുന്ദരരൂപിണീ
പർവ്വതാസദൃശപീനശുഭകോമളസ്തനേ
മഹാഗിരീസദൃശ സുന്ദരീനിതംബേ, സൌമ്യേ
സൂര്യപ്രഭാസദൃശോജ്വലപ്രകാശരൂപേ
സരസ്വതീസദൃശബുദ്ധിശാലിനീ, പ്രിയേ
ശ്രീലക്ഷ്മീസദൃശയശോധനേ, മമചാരുശീലേ
ശ്രീപാർവതീസദൃശ സുകോമളസൌന്ദര്യധാമേ
സർവ്വാംഗസുന്ദരീമണീ, ദേവീ, സർവ്വമംഗളകാരിണീ
സർവ്വാഭിവൃദ്ധിപ്രിയേ, ഭവ്യേ, സുസ്മിതേ മമസ്നേഹിതാഗ്രേ

ഹേ, വർണ്ണനാസാദ്ധ്യശോഭനേ, സുചിത്രശീലേ
പ്രണയിനീ, അറിയുമോ മാമകമൂകപ്രേമം

(പഴയ ഡയറിയുടെ താളുകളിൽനിന്നും

ഈ കവിത പ്ലസ്‌റ്റുവിന് പഠിക്കുമ്പോൾ എന്റെ അറിയപ്പെടാത്ത പ്രണയിനിയ്ക്കായി എഴുതിയതാണ്. എന്തുകൊണ്ടോ, ഇതിൽ ഒരു ഭക്തിയുടെ ഒരു ലാഞ്ജനകാണുന്നുവെങ്കിൽ, എന്റെ വായനയുടെ കുറവായിരിക്കാം കാരണം. ഇത് സെപ്‌റ്റംബർ 22, 2000നു എഴുതിയതാണ്.)