Tuesday, February 26, 2008

എന്റെ ശബരിമല യാത്ര - 4

മണികണ്ഠദര്‍ശനം

മ്പയെന്ന പുണ്യനദി വെറും അഴുക്കുചാലാകുന്ന കാഴ്ചകണ്ടുകൊണ്ട്‌ ഞാന്‍ ഗണപതി അമ്പലത്തിലേക്ക്‌ നടന്നു. ഇരുവശത്തും കച്ചോടം പൊടിപൊടിക്കുന്നു. (ദൂരദിക്കില്‍നിന്നും വരുന്ന അയ്യപ്പന്മാര്‍ കേരളം എന്നാല്‍ ഇതാണെന്ന് ധരിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ). നേരെ ചെന്ന് ഗണപതിയെവന്ദിച്ച്‌ നേരെ മേല്‍ശാന്തിയുടെ മുറിയിലേക്ക്‌ പോയി. അവിടെ കെട്ടുനിറക്കാനുള്ള ആളെ "ക്യാന്‍വാസ്‌" ചെയ്യാനായി രണ്ടുപേര്‍ നില്‍ക്കുന്നു. (മേല്‍ശാന്തിമാര്‍ രണ്ടാണ്‌). കെട്ടുനിറയാണോ? നൂറ്ററുപത്‌ രൂപയാണ്‌ ട്ടോ എന്ന് പറഞ്ഞ്‌ ഒരാള്‍ എന്നെയുംകൂട്ടി ഓട്ടം തുടങ്ങി.

നിമിഷാര്‍ദ്ധനേരം കൊണ്ട്‌ കെട്ടുനിറ കഴിഞ്ഞു. വിരീല്ല്യേ, വേണ്ടാ.. ഒരു നാല്‍പ്പതുര്‍പ്പ്യേംകൂടെ ദക്ഷിണ വെച്ചോളൂ! എല്ലാം ശരിയാകുംന്ന്! എങ്ങനേണ്ട്‌?

ശരണം വിളിച്ച്‌ ഗണപതിക്ക്‌ നാളികേരമുടച്ച്‌ മലകയറാന്‍ തുടങ്ങി. എതാണ്ട്‌ ഒന്നരമണിക്കൂറുകൊണ്ട്‌ സന്നിധാനത്തുചെന്ന് നാളികേരമുടച്ച്‌ നേരെ ദര്‍ശനത്തിനായിയുള്ള വരിയിലേക്കുകയറി. അയ്യപ്പദര്‍ശനവും നെയ്യഭിഷേകവും മാളികപ്പുറത്ത്‌ ദര്‍ശനവും കഴിഞ്ഞ്‌, പ്രസാദവും വാങ്ങി ഏതാണ്ട്‌ 12മണിയോടെ ഞാന്‍ മലയിറങ്ങാന്‍ ആരംഭിച്ചു. തീക്ഷ്ണമായവെയിലേറ്റ്‌ വഴിയില്‍പാവിയിരിക്കുന്ന കരിങ്കല്ലും, കോണ്‍ക്രീറ്റും ചുട്ടുപഴുത്തിരുന്നു. ചെരിപ്പിടാതെ പോയത്‌ ഒരബദ്ധമായി എന്ന് എന്നെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു മുന്നോട്ടുള്ള ഓരോ കാല്‍വെയ്പ്പുകളും. ഇതിനിടെ എന്നെ ഗുരുവായൂര്‍ ശ്രീകൃഷ്ണയില്‍ പഠിപ്പിച്ച അദ്ധ്യാപികയുടെ ഭര്‍ത്താവിനെ പരിചയപ്പെടാനും സാധിച്ചു.

പമ്പയില്‍ വന്നപ്പോള്‍ ചെങ്ങന്നൂരുനിന്ന് ഞാന്‍ വന്ന അതേ ബസ്സുതന്നെ ഒരു ട്രിപ്പുകൂടെ കഴിഞ്ഞു വന്നുകിടക്കുന്നു. ഒട്ടും സംശയിക്കാതെ നേരെ അതില്‍ക്കയറി ചെങ്ങന്നൂര്‍ക്ക്‌ പുറപ്പെട്ടു! അവിടെ എത്തി, പത്തുമിനുട്ടിനുള്ളില്‍ത്തന്നെ ഒരു കോഴിക്കോട്ടേക്കുപോണ സൂപ്പര്‍ഫാസ്റ്റ്‌ ബസ്സില്‍ക്കേറി എടപ്പാള്‍ക്ക്‌ ടിക്കറ്റെടുത്തു. നേരെ കല്ലുംപുറത്തുവന്നിറങ്ങുമ്പോള്‍ രാത്രി പതിനൊന്ന്. (കല്ലുംപുറം കുന്നംകുളത്തിനും എടപ്പാളിനും ഇടയില്‍ ചങ്ങരംകുളത്തിനു മുമ്പായാണ്‌). പിന്നെ ഏതാണ്ട്‌ പത്തുമിനിട്ടിനുള്ളില്‍ ഇല്ലത്തുചെന്ന് കുളിച്ച്‌ ഊണുകഴിച്ചതോടെ ക്ഷീണമെല്ലാം (വീണ്ടും) പമ്പകടന്നു. പിന്നെ പന്ത്രണ്ടുമണിയോടെ ഞാന്‍ സുഖായിട്ടുറങ്ങി.

--ശുഭം--

9 comments:

  1. ലോകത്തെ മുഴുവന്‍ ഭിക്ഷാംദേഹികളും ശബരിമലയിലാണോ എന്നു തോന്നുമാറുള്ള ഭിക്ഷാടനവും, ചിലരുടെ പണത്തോടുള്ള ആര്‍ത്തിയും, വിപണന തന്ത്രങ്ങളും കണ്ടപ്പോള്‍ ഭക്തിയെ കച്ചവടമാക്കുന്നതിനെക്കുറിച്ചും, തീര്‍ത്ഥാടനകേന്ദ്രങ്ങളിലെ ഭിക്ഷാടനത്തെക്കുറിച്ചും എഴുതണമെന്നുണ്ടായിരുന്നു. ഇപ്പോള്‍ ഏതായാലും സാധിച്ചില്ല. ഇനിയൊരിക്കലാകട്ടെ.

    ReplyDelete
  2. എല്ലാ ഭാഗങ്ങളും വായിച്ചെത്തിയപ്പോ ഒന്നു മലയ്ക്കു പോയി വന്ന സുഖം.
    :)

    ReplyDelete
  3. നന്ദി ശ്രീ. എന്റെ കന്നിമലയാത്ര എനിക്കത്ര ഓര്‍മപോരാ. രണ്ടാമത്തേത്‌ അങ്ങനെയാവണ്ടാന്ന് വിചാരിച്ചു. അതോണ്ടാ അതെടുത്ത്‌ ബ്ലോഗിലിട്ടേ!

    ReplyDelete
  4. ചന്ദൂസേ കലക്കി,നല്ല യാത്ര വിവരണം ,നീ ഇനിയും യാത്രകള്‍ തുടരണം......

    ReplyDelete
  5. അളിയാ... കലക്കി ..സക്കറിയയുടെ ഒരു ആഫ്രിക്കന്‍ യാത്ര വായിച്ച സുഖം... കാലം നിന്റെ കയ്യില്‍ വെച്ചു തന്ന തൂലികാ ഇനിയും ചലീക്കട്ടെ.. ഭാഗങ്ങള്‍ 4 ല്‍ അവസാനിക്കാതിരിക്കാതെ ..നിന്റെ യാത്രകള്‍ തുടരട്ടെ .....

    ReplyDelete
  6. സ്വാമി ശരണം. അങ്ങനെ പോയി വന്നൂ ല്ലേ.

    ഒരു ശരണം വിളി കുറഞ്ഞോന്നൊരു സംശയം.അതാ അഗ്രീല്‍ കആണിക്കാത്തെ.പേടിക്കണ്ട ഒരു പാലഭിഷേകം നടത്തിയേയ്ക്ക്...

    ReplyDelete
  7. തിരിച്ചെത്തി അല്ലേ? തിരിച്ചെത്തുന്നതുവരെ ടെന്‍ഷനായിരുന്നു.

    ReplyDelete
  8. പണ്ടു ഇടപ്പാളില്‍ ഒരു വര്‍ഷം (1992) താമസിച്ച് ജോലി ചെയ്തിരുന്നു. ചങ്ങരംകുളം നന്നായ്‌ അറിയാം. അവിടുത്തെ വിശേഷങ്ങള്‍ എഴുതൂ. ഏതായാലും ചന്ദൂട്ടന്‍ തിരിച്ചു സുഖമായ് എത്തിയല്ലോ. നല്ല കാര്യം. എഴുത്ത് വായിക്കാന്‍ രസമുണ്ട്.

    ReplyDelete
  9. നിനോജ്‌: നന്ദി! നെക്സ്റ്റ്‌ ടൈം നീയും വാ. :)

    ഷൈന്‍: ഇത്തിരി ഓവറായോ? പിന്നെ ഈ തൂലിക കാലം തന്നതല്ല കേട്ടോ, കാലത്തിന്റേന്ന് തട്ടിപ്പറിച്ചതാ! പിന്നെ യാത്രകള്‍... കൊള്ളാം, ഞാന്‍ രാജീവിനെ ഈ നിന്റെ റെകമെന്റേഷന്‍ കാണിച്ച്‌ ലീവ്‌ മേടിച്ചോളാം. :)

    പ്രിയ ഉണ്ണികൃഷ്ണന്‍: ഇവിടെ കുടിക്കാന്‍ പാലില്ല; ആട്ടേ, നോക്കാം; ചെലപ്പോ അതോണ്ട്‌ ശരിയായാലോ? രണ്ട്‌ കദളിപ്പഴോംകൂടി നേദിച്ചേക്കാം, ന്താ? :)

    വാല്‍മീകി: :) കുറച്ചുംകൂടി എഴുതാനുണ്ടായിരുന്നു. അവിടെകണ്ട ഭിക്ഷാടനം, പൊലൂഷന്‍, കച്ചോടോം ഭക്തീം... പിന്നൊരിക്കലാകട്ടെ. നന്ദി!

    ശ്രീവല്ലഭന്‍: ഞാന്‍ കൃത്യം ചങ്ങരംകുളല്ലാട്ടോ, അതിനടുത്താണ്‌, ചാലിശ്ശേരി. പാലക്കാടിന്റെയും, തൃശ്ശൂരിന്റെയും സംഗമസ്ഥാനം. പ്രചോദനങ്ങള്‍ക്ക്‌ ഒരുപാട്‌ നന്ദി

    ഇതിന്റെ രണ്ടാംഭാഗം പോസ്റ്റ്‌ ചെയ്ത ദിവസം, ഷൈന്‍ എന്നെ ഫോണില്‍വിളിച്ച്‌ അഭിനന്ദനമറിയിച്ചിരുന്നു. എനിക്ക്‌ ജീവിതത്തില്‍ ലഭിച്ച ഏറ്റവും മികച്ച പ്രചോദനമായിരുന്നു അത്‌. ഷൈനിനോടുള്ള എന്റെ അകൈതവമായ നന്ദി അറിയിച്ചുകൊള്ളുന്നു

    ഈ പോസ്റ്റില്‍ വന്നവര്‍ക്കും, വായിച്ചവര്‍ക്കും, അഭിപ്രായങ്ങള്‍ അരിയിച്ചവര്‍ക്കും നന്ദി

    ReplyDelete