പമ്പയിലേക്ക്...
കൊച്ചു പിള്ളേരെപ്പോലെ കൂക്കിവിളിച്ചുകൊണ്ട് അമൃത ഇഴഞ്ഞ് നീങ്ങാന്‍ തുടങ്ങുമ്പോഴെക്കും മണി പത്തരയായി. ലഗേജെല്ലാം സീറ്റിനടിയിലേക്ക് ഒതുക്കിയശേഷം, ഞാന്‍ മറ്റുള്ളവരെ പരിചയപ്പെടാന്‍ തുടങ്ങി. സ്വാമിയോട് സ്വാമിശരണം പറഞ്ഞുകൊണ്ടുതന്നെ ഞാനാരംഭിച്ചു.
അദ്ദേഹത്തിന്റെ പേരെനിക്കോര്‍മയില്ല. മുംബൈയില്‍ എന്തോ ബിസിനസ് ചെയ്യുകയാണ്. പറ്റെവെട്ടിയ തലമുടിയും നറച്ചകുറ്റിത്താടിയും, കാഷായവസ്ത്രവും പിന്നെ ഒരു ഫ്രേംലെസ്സ് കണ്ണടയുമാണ് വേഷം. ആളേക്കണ്ടപ്പോഴെ ഒരു ബഹുമാനം തോന്നി. ചെല്ലത്തില്‍ നിന്ന് വെറ്റിലയെടുത്ത് അതില്‍ ചുണ്ണാമ്പുതേക്കുന്നതിനിടയില്‍, എങ്ങോട്ടാ എന്നുള്ള എന്റെ ചോദ്യത്തിന് തമിഴും ഹിന്ദിയും കലര്‍ന്ന മലയാളത്തില്‍ "നാന്‍ തിരോന്തോരത്തെയ്ക്കാ; നീങ്കള്‍ കഹാം ജാതേഹൊ?" എന്ന സ്വാമിയുടെ മറുപടി എനിക്കു ശരിക്കും രസിച്ചു. ഞാന്‍ ചെങ്ങന്നൂര്‍ക്കാണെന്നും, അവിടെനിന്നും ശബരിമലക്കാണെന്നും പറഞ്ഞപ്പോള്‍ സ്വാമിയുടെ മുഖം പ്രസന്നപൂര്‍ണ്ണമായി.
ഞാന്‍ ആദ്യമായാണോ മലയ്ക്കുപോകുന്നതെന്ന് അദ്ദേഹം അന്വേഷിച്ചു. ഞാന്‍ മറുപടി പറയാന്‍ തുടങ്ങും മുമ്പേ അദ്ദേഹം അവിടെനിന്നാണെന്നും ഭക്തി അദ്ദേഹത്തിന് ലഹരിയാണെന്നും പറഞ്ഞുതുടങ്ങിയ സ്വാമി പിന്നെ പട്ടാളക്കാരുടെ സര്‍വീസ് സ്റ്റോറി പോലെ അദ്ദേഹത്തിന്റെ അനുഭവകഥ പൊടിപ്പും തൊങ്ങലുമിട്ട് തട്ടിവിടാന്‍ തുടങ്ങി. അനുഭവങ്ങളും, കേട്ടുകേള്‍വികളും, ഐതിഹ്യങ്ങളും നിറഞ്ഞ കഥാമൃതം നുണക്കഥകളുടെയും, പൊങ്ങച്ചങ്ങളുടെയും മേമ്പൊടിചേര്‍ത്തുള്ള ഈ വിവരണം സത്യത്തില്‍ വളരേ അരോചകമായിരുന്നു. ഭക്തിയുടെ മറവില്‍ തട്ടിവിടുന്ന വിടുവായത്തങ്ങള്‍ കേട്ടുകേട്ട് അദ്ദേഹത്തോടു തോന്നിയിരുന്ന ബഹുമാനമെല്ലാം ഉരുകിയൊലിച്ച് അങ്ങ് അറബിക്കടലിലെത്തി.
ഇതെന്തോന്നു തൊട്ടിയെന്ന് ചിന്തിച്ചുവരുമ്പോഴേക്കും, ഇതെല്ലാം കേട്ടിരിക്കുന്ന നമ്മുടെ ജീന്‍സ് ചേട്ടന്‍ (കഴിഞ്ഞ അദ്ധ്യായത്തില്‍ പറഞ്ഞ പാന്‍ പരാഗ് വാല) പുള്ളിയുടെ ശിങ്കിടിയായി അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് വിവരണവും തുടങ്ങി. സ്വാമി ഒന്ന്ന്ന് പറഞ്ഞാ പുള്ളിയത് വിശദീകരിച്ച് ഒന്നൊന്നരയാക്കി ശരിയല്ലേ സ്വാമീ എന്നോ, ഞാന്‍ പറഞ്ഞത് ശരിയായില്ലേ സ്വാമീ എന്നോ അങ്ങ് കാച്ചിക്കളയും. ചുരുക്കത്തില്‍, ഞാന്‍ ചെകുത്താനും കടലിനുമിടയിലായി. അവരുടെ പ്രായത്തെ ബഹുമാനിച്ചുമാത്രം ഒന്നു നിര്‍ത്ത്വോന്ന് ചോദിച്ചില്ലെന്ന് മാത്രം. ഓര്‍മയില്‍ തങ്ങി നില്‍ക്കുന്നതില്‍ വളരെ പ്രസക്തമായ ചില തരികിടക്കഥകള്‍ ഇങ്ങിനെയൊക്കെയാണ്
1. അദ്ദേഹം 1954ല്‍ ആണ് ആദ്യമായി ശബരിമലക്ക് പോകുന്നത്. അന്ന് എല്ലായിടത്തും കാടാണ്. ഗുരുസ്വാമിക്ക് വഴിയറിയാത്തതിനാല്‍ (പത്തുപതിനാറുവര്‍ഷായിട്ട് മലകേറീട്ടും) നമ്മുടെ സംഘം കാട്ടില്‍ പെട്ടു. എന്തു ചെയ്യും? (ഇത്രയും സത്യമാണെന്ന് തോന്നുന്നു). ഉടനെ നമ്മുടെ കഥാനായകന്‍ ഞാനുണ്ട്, വരിന്‍ എന്നുപറഞ്ഞ് എല്ലാരേം മുന്നോട്ട് നയിച്ചു! ഒറ്റയാന്‍ "ഘ്‌ര്‍,ഘ്‌ര്‍" ന്ന് പറഞ്ഞ് വന്ന് പുള്ളിയെ വണങ്ങി. പിന്നെ പുള്ളിക്കും വഴിയറിയാതെ വന്നപ്പോള്‍ ഒരയ്യപ്പന്‍ പെട്രോള്‍മാക്സുമായി വന്ന് അവരേ സന്നിധാനത്ത് കൊണ്ടുവിട്ടു. അന്നു രാത്രി ഇദ്ദേഹത്തിനു സ്വാമി അയ്യപ്പന്‍ സ്വപ്നത്തില്‍ ദര്‍ശനം നല്‍കി താനുള്ളപ്പോള്‍ ഭയപ്പെടേണ്ടെന്നും, താനാണ് അവരെ സന്നിധാനത്തില്‍ കൊണ്ടുവിട്ടതെന്നും അരുളിചെയ്തു. പോരേ പൂരം. വല്ല സ്വപ്നവും കണ്ട് എന്തും വിളിച്ചുപറയാമെന്നോ?
2. അദ്ദേഹത്തിന്റെ നാട്ടില്‍ ഒരു തീവണ്ടിപ്പാതയുണ്ട്. ശബരിമലയാത്രയില്‍ തീവണ്ടികേറി ഏഴ് അയ്യപ്പന്മാര്‍ മരിച്ചുപോയി. (ഇത്രയും സത്യമായിരിക്കാം). അവരുടെ ആത്മാക്കള്‍ തൊട്ടടുത്തവീട്ടില്‍ സ്ഥിരമായി പോകുകയും അവിടത്തെ സ്ത്രീയെ പതിവായി ഭയപ്പെടുത്തുകയും ചെയ്യാന്‍ തുടങ്ങി. സഹിക്കെട്ടപ്പോള്‍ ആയമ്മ "അയ്യപ്പസേവ" 1 നടക്കുന്നിടത്ത് പോകുകയും, വെളിച്ചപ്പാടിനോട് സങ്കടം പറയുകയും ചെയ്തു. വെളിച്ചപ്പാട് തുള്ളി തീവണ്ടികേറി മരിച്ച് യാത്ര മുടങ്ങിപ്പോയ അയ്യപ്പന്മാരുടെ ആത്മാവിന് നിത്യശാന്തി ലഭിക്കുവാന്‍ ഈ സ്ത്രീയുടെ ഭര്‍ത്താവിനോട് ശബരിമലക്ക് പോകാന്‍ കല്‍പ്പനയായി. ആ സ്ത്രീയുടെ ഭര്‍ത്താവ് ശബരിമലയിലെത്തിയപ്പോള്‍ അവിടെ ഗണപതിയമ്പലത്തില്‍ വെളിച്ചപ്പാടുതുള്ളി, വന്നതുനന്നായെന്നും, ദര്‍ശനം നടത്തിക്കഴിഞ്ഞാല്‍പിന്നെ, ഒരിക്കലും ആ ബാധാശല്ല്യം അവര്‍ക്കുണ്ടാവില്ലെന്നും അരുളിച്ചെയ്തു.
3. ഇദ്ദേഹം ബോംബെയില്‍ ഒരു "അയ്യപ്പസേവ"1യില്‍ വച്ച് ഇദ്ദേഹത്തിന്റെ സഹോദരനെ ശബരിമലയില്‍കൊണ്ടുപോകാമെന്ന് നിശ്ചയിച്ച അന്ന് ഇവിടെ പാലക്കാട് "അയ്യപ്പസേവ"1യിലെ വെളിച്ചപ്പാട് തുള്ളി ഇദ്ദേഹത്തിന്റെ വീട്ടില്‍വന്ന് ഇദ്ദേഹത്തിന്റെ സഹോദരനോട് ശബരിമലയില്‍ പോകാന്‍ തയ്യാറാവാന്‍ പറഞ്ഞു.
കഥകള്‍ ഇവിടെ അവസാനിക്കുന്നില്ല. ഒന്നോര്‍ക്കണം, ഞാനാരാത്രിമുഴുവന്‍ ഇത് സഹിച്ചു! ഇതുകേട്ട് അയ്യപ്പവിശ്വാസികളായിത്തീര്‍ന്ന യാത്രക്കാര്‍ പത്തും ഇരുപതുമൊക്കെ വഴിപാടിട്ടിട്ട് ഇരുനൂറു രൂപയോളം ഞാന്‍ നടക്കല്‍ സമര്‍പ്പിച്ചു. അത്രയ്ക്കും മികച്ച മിഷനറിവര്‍ക്ക്! ദോഷം പറയരുതല്ലോ, ഈ പൊങ്ങച്ചത്തിനിടയിലും എനിക്ക് ചെങ്ങന്നൂരുനിന്നും ശബരിമലയിലേക്ക് എങ്ങനെ പോകാമെന്നും, അവിടെ എന്തെല്ലാം ചെയ്യണമെന്നും പറഞ്ഞുതരാന്‍ അദ്ദേഹം സമയം കണ്ടെത്തി.
ചെങ്ങനൂരെത്തി, മഹാദേവക്ഷേത്രത്തില്‍ കുളിച്ചുതൊഴുത്, ആദ്യത്തെ പമ്പ വണ്ടിക്കുതന്നെ പമ്പയ്ക്കുപുറപ്പെട്ടു. വണ്ടിയില്‍വച്ച് കൂടെ പഠിച്ച ഒരു സഹപാഠിയെ കാണാനും പറ്റി. ളാഹയില്‍ പ്രഭാതഭക്ഷണവും കഴിച്ച്, 9.30ഓടെ ഞാന്‍ പമ്പയിലെത്തി.
(തുടരും)
വാല്‍ക്കഷ്ണം:
1. "അയ്യപ്പസേവ" എന്ന് തന്നെയാണോ അദ്ദേഹം പറഞ്ഞത് എന്ന് എനിക്ക് കൃത്യമായി ഓര്‍മയില്ല. എന്താണ് ആ വാക്ക് എന്നറിയാവുന്നവര്‍ ഒരു കമന്റ് ഇട്ടാല്‍ ഞാന്‍ അത് അപ്‌ഡേറ്റ് ചെയ്തുകൊള്ളാം.
എല്ലാ ഭക്തരുടെയിടയിലും കാണും ഇങ്ങനെ കേട്ടുകേള്‍വികള്‍ വച്ച് കഥ പടച്ചുണ്ടാക്കുന്ന വിരുതന്മാര്‍...
ReplyDeleteഎന്നിട്ട്, ബാക്കി പറയൂ...
:)
എന്നിട്ട് എന്ത് സംഭവിച്ചു?
ReplyDeleteഇതു കോട്ടയം പുഷ്പനാഥ് കഥ പോലെ ആണല്ലോ! :-)
കൊള്ളാല്ലോ. എന്നിട്ട്?
ReplyDeleteഎല്ലാ ഭക്തരുടെയിടയിലും കാണും ഇങ്ങനെ കേട്ടുകേള്‍വികള്‍ വച്ച് കഥ പടച്ചുണ്ടാക്കുന്ന വിരുതന്മാര്‍...
ReplyDeleteഎന്നിട്ട്?
ReplyDeleteഎന്തായാലും, അദ്ദേഹത്തെ കണ്ടത് നന്നായി. ഒറങ്ങാന്‍ പറ്റീല്ല്യാച്ചാലും കൊറേ തമാശ കേള്‍ക്കാന്‍ പറ്റി. അതോണ്ട് ഇതൊക്കെ ഇവിടെ എഴുതാനും! വെള്ളിയാഴ്ചതന്നെ നെയ്യഭിഷേകം കഴിക്കാന്‍പറ്റീത് അദ്ദേഹം പറഞ്ഞപോലെ ചെയ്തോണ്ടാ!
ReplyDelete