Wednesday, February 27, 2008

ചേനവറുത്തുപ്പേരി

ളരേ മുമ്പാണ്‌.

ഒരു ദിവസം എന്റെ ഒരു സുഹൃത്ത്‌ എന്നെ ഉച്ചയൂണിന്‌ ക്ഷണിച്ചു.

ശരി, ക്ഷണിച്ചതല്ലേ, പോയിക്കളയാം എന്നു കരുതി ഞാന്‍ നേരെ അവന്റെ വീട്ടില്‍പ്പോയി.

അവിടെച്ചെന്ന് ഊണും തുടങ്ങി.

അവന്റെ അമ്മേടെ മാസ്റ്റര്‍പീസ്‌ ഐറ്റമാണെന്നും പറഞ്ഞു ചേനയുപ്പേരി തന്നപ്പോഴേ എന്തോ പന്തിയല്ലായ തോന്നിയിരുന്നു.

ഞാനതെടുത്ത്‌ വായില്‍വച്ചപ്പോള്‍ ശരിക്കും ച്യൂയിങ്ങ്‌ഗം പോലെ. ചവചവാന്നിരിക്കുണു! ആകെ മസാലമയം!

എനിക്കതൊട്ടും ഇഷ്ടപ്പെട്ടില്ലെങ്കിലും ഒരുവിധം ഞാനത്‌ ഇറക്കിതുടങ്ങുമ്പൊഴേക്കും അവന്‍ "അപ്പൊ നമ്പൂരി ബീഫും കഴിക്കും അല്ലേ" എന്നൊരു ചോദ്യം!

തുടങ്ങീല്ല്യേ ഛര്‍ദ്ദി! അവന്റെ ഡൈനിങ്‌ ടേബിള്‍ മുഴുവന്‍ ഞാന്‍ ഛര്‍ദ്ദിച്ചുനിറച്ചു!

പിന്നെ നല്ല ഉഗ്രന്‍ ചേനവറുത്തത്‌ നമ്പൂരിസ്സദ്യക്കുകണ്ടാലും, "ഉത്പ്രേക്ഷ" ഓര്‍മ്മവരും; അതുതാനല്ലയോ ഇത്‌! ഒരിത്തിരി വ്യത്യാസംണ്ട്‌; മോഡേണ്‍ ഉത്പ്രേക്ഷ്യാണെ!

പിന്നെ, ഈയടുത്താണ്‌ ഞാന്‍ "ചേനവറുത്തത്‌" കഴിച്ചുതുടങ്ങിയത്‌; അതും അമ്മേടെ നിര്‍ബന്ധം കാരണം!

Tuesday, February 26, 2008

എന്റെ ശബരിമല യാത്ര - 4

മണികണ്ഠദര്‍ശനം

മ്പയെന്ന പുണ്യനദി വെറും അഴുക്കുചാലാകുന്ന കാഴ്ചകണ്ടുകൊണ്ട്‌ ഞാന്‍ ഗണപതി അമ്പലത്തിലേക്ക്‌ നടന്നു. ഇരുവശത്തും കച്ചോടം പൊടിപൊടിക്കുന്നു. (ദൂരദിക്കില്‍നിന്നും വരുന്ന അയ്യപ്പന്മാര്‍ കേരളം എന്നാല്‍ ഇതാണെന്ന് ധരിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ). നേരെ ചെന്ന് ഗണപതിയെവന്ദിച്ച്‌ നേരെ മേല്‍ശാന്തിയുടെ മുറിയിലേക്ക്‌ പോയി. അവിടെ കെട്ടുനിറക്കാനുള്ള ആളെ "ക്യാന്‍വാസ്‌" ചെയ്യാനായി രണ്ടുപേര്‍ നില്‍ക്കുന്നു. (മേല്‍ശാന്തിമാര്‍ രണ്ടാണ്‌). കെട്ടുനിറയാണോ? നൂറ്ററുപത്‌ രൂപയാണ്‌ ട്ടോ എന്ന് പറഞ്ഞ്‌ ഒരാള്‍ എന്നെയുംകൂട്ടി ഓട്ടം തുടങ്ങി.

നിമിഷാര്‍ദ്ധനേരം കൊണ്ട്‌ കെട്ടുനിറ കഴിഞ്ഞു. വിരീല്ല്യേ, വേണ്ടാ.. ഒരു നാല്‍പ്പതുര്‍പ്പ്യേംകൂടെ ദക്ഷിണ വെച്ചോളൂ! എല്ലാം ശരിയാകുംന്ന്! എങ്ങനേണ്ട്‌?

ശരണം വിളിച്ച്‌ ഗണപതിക്ക്‌ നാളികേരമുടച്ച്‌ മലകയറാന്‍ തുടങ്ങി. എതാണ്ട്‌ ഒന്നരമണിക്കൂറുകൊണ്ട്‌ സന്നിധാനത്തുചെന്ന് നാളികേരമുടച്ച്‌ നേരെ ദര്‍ശനത്തിനായിയുള്ള വരിയിലേക്കുകയറി. അയ്യപ്പദര്‍ശനവും നെയ്യഭിഷേകവും മാളികപ്പുറത്ത്‌ ദര്‍ശനവും കഴിഞ്ഞ്‌, പ്രസാദവും വാങ്ങി ഏതാണ്ട്‌ 12മണിയോടെ ഞാന്‍ മലയിറങ്ങാന്‍ ആരംഭിച്ചു. തീക്ഷ്ണമായവെയിലേറ്റ്‌ വഴിയില്‍പാവിയിരിക്കുന്ന കരിങ്കല്ലും, കോണ്‍ക്രീറ്റും ചുട്ടുപഴുത്തിരുന്നു. ചെരിപ്പിടാതെ പോയത്‌ ഒരബദ്ധമായി എന്ന് എന്നെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു മുന്നോട്ടുള്ള ഓരോ കാല്‍വെയ്പ്പുകളും. ഇതിനിടെ എന്നെ ഗുരുവായൂര്‍ ശ്രീകൃഷ്ണയില്‍ പഠിപ്പിച്ച അദ്ധ്യാപികയുടെ ഭര്‍ത്താവിനെ പരിചയപ്പെടാനും സാധിച്ചു.

പമ്പയില്‍ വന്നപ്പോള്‍ ചെങ്ങന്നൂരുനിന്ന് ഞാന്‍ വന്ന അതേ ബസ്സുതന്നെ ഒരു ട്രിപ്പുകൂടെ കഴിഞ്ഞു വന്നുകിടക്കുന്നു. ഒട്ടും സംശയിക്കാതെ നേരെ അതില്‍ക്കയറി ചെങ്ങന്നൂര്‍ക്ക്‌ പുറപ്പെട്ടു! അവിടെ എത്തി, പത്തുമിനുട്ടിനുള്ളില്‍ത്തന്നെ ഒരു കോഴിക്കോട്ടേക്കുപോണ സൂപ്പര്‍ഫാസ്റ്റ്‌ ബസ്സില്‍ക്കേറി എടപ്പാള്‍ക്ക്‌ ടിക്കറ്റെടുത്തു. നേരെ കല്ലുംപുറത്തുവന്നിറങ്ങുമ്പോള്‍ രാത്രി പതിനൊന്ന്. (കല്ലുംപുറം കുന്നംകുളത്തിനും എടപ്പാളിനും ഇടയില്‍ ചങ്ങരംകുളത്തിനു മുമ്പായാണ്‌). പിന്നെ ഏതാണ്ട്‌ പത്തുമിനിട്ടിനുള്ളില്‍ ഇല്ലത്തുചെന്ന് കുളിച്ച്‌ ഊണുകഴിച്ചതോടെ ക്ഷീണമെല്ലാം (വീണ്ടും) പമ്പകടന്നു. പിന്നെ പന്ത്രണ്ടുമണിയോടെ ഞാന്‍ സുഖായിട്ടുറങ്ങി.

--ശുഭം--

Friday, February 22, 2008

എന്റെ ശബരിമല യാത്ര - 3

പമ്പയിലേക്ക്‌...

കൊച്ചു പിള്ളേരെപ്പോലെ കൂക്കിവിളിച്ചുകൊണ്ട്‌ അമൃത ഇഴഞ്ഞ്‌ നീങ്ങാന്‍ തുടങ്ങുമ്പോഴെക്കും മണി പത്തരയായി. ലഗേജെല്ലാം സീറ്റിനടിയിലേക്ക്‌ ഒതുക്കിയശേഷം, ഞാന്‍ മറ്റുള്ളവരെ പരിചയപ്പെടാന്‍ തുടങ്ങി. സ്വാമിയോട്‌ സ്വാമിശരണം പറഞ്ഞുകൊണ്ടുതന്നെ ഞാനാരംഭിച്ചു.

അദ്ദേഹത്തിന്റെ പേരെനിക്കോര്‍മയില്ല. മുംബൈയില്‍ എന്തോ ബിസിനസ്‌ ചെയ്യുകയാണ്‌. പറ്റെവെട്ടിയ തലമുടിയും നറച്ചകുറ്റിത്താടിയും, കാഷായവസ്ത്രവും പിന്നെ ഒരു ഫ്രേംലെസ്സ്‌ കണ്ണടയുമാണ്‌ വേഷം. ആളേക്കണ്ടപ്പോഴെ ഒരു ബഹുമാനം തോന്നി. ചെല്ലത്തില്‍ നിന്ന് വെറ്റിലയെടുത്ത്‌ അതില്‍ ചുണ്ണാമ്പുതേക്കുന്നതിനിടയില്‍, എങ്ങോട്ടാ എന്നുള്ള എന്റെ ചോദ്യത്തിന്‌ തമിഴും ഹിന്ദിയും കലര്‍ന്ന മലയാളത്തില്‍ "നാന്‍ തിരോന്തോരത്തെയ്ക്കാ; നീങ്കള്‍ കഹാം ജാതേഹൊ?" എന്ന സ്വാമിയുടെ മറുപടി എനിക്കു ശരിക്കും രസിച്ചു. ഞാന്‍ ചെങ്ങന്നൂര്‍ക്കാണെന്നും, അവിടെനിന്നും ശബരിമലക്കാണെന്നും പറഞ്ഞപ്പോള്‍ സ്വാമിയുടെ മുഖം പ്രസന്നപൂര്‍ണ്ണമായി.

ഞാന്‍ ആദ്യമായാണോ മലയ്ക്കുപോകുന്നതെന്ന് അദ്ദേഹം അന്വേഷിച്ചു. ഞാന്‍ മറുപടി പറയാന്‍ തുടങ്ങും മുമ്പേ അദ്ദേഹം അവിടെനിന്നാണെന്നും ഭക്തി അദ്ദേഹത്തിന്‌ ലഹരിയാണെന്നും പറഞ്ഞുതുടങ്ങിയ സ്വാമി പിന്നെ പട്ടാളക്കാരുടെ സര്‍വീസ്‌ സ്റ്റോറി പോലെ അദ്ദേഹത്തിന്റെ അനുഭവകഥ പൊടിപ്പും തൊങ്ങലുമിട്ട്‌ തട്ടിവിടാന്‍ തുടങ്ങി. അനുഭവങ്ങളും, കേട്ടുകേള്‍വികളും, ഐതിഹ്യങ്ങളും നിറഞ്ഞ കഥാമൃതം നുണക്കഥകളുടെയും, പൊങ്ങച്ചങ്ങളുടെയും മേമ്പൊടിചേര്‍ത്തുള്ള ഈ വിവരണം സത്യത്തില്‍ വളരേ അരോചകമായിരുന്നു. ഭക്തിയുടെ മറവില്‍ തട്ടിവിടുന്ന വിടുവായത്തങ്ങള്‍ കേട്ടുകേട്ട്‌ അദ്ദേഹത്തോടു തോന്നിയിരുന്ന ബഹുമാനമെല്ലാം ഉരുകിയൊലിച്ച്‌ അങ്ങ്‌ അറബിക്കടലിലെത്തി.

ഇതെന്തോന്നു തൊട്ടിയെന്ന് ചിന്തിച്ചുവരുമ്പോഴേക്കും, ഇതെല്ലാം കേട്ടിരിക്കുന്ന നമ്മുടെ ജീന്‍സ്‌ ചേട്ടന്‍ (കഴിഞ്ഞ അദ്ധ്യായത്തില്‍ പറഞ്ഞ പാന്‍ പരാഗ്‌ വാല) പുള്ളിയുടെ ശിങ്കിടിയായി അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക്‌ വിവരണവും തുടങ്ങി. സ്വാമി ഒന്ന്ന്ന് പറഞ്ഞാ പുള്ളിയത്‌ വിശദീകരിച്ച്‌ ഒന്നൊന്നരയാക്കി ശരിയല്ലേ സ്വാമീ എന്നോ, ഞാന്‍ പറഞ്ഞത്‌ ശരിയായില്ലേ സ്വാമീ എന്നോ അങ്ങ്‌ കാച്ചിക്കളയും. ചുരുക്കത്തില്‍, ഞാന്‍ ചെകുത്താനും കടലിനുമിടയിലായി. അവരുടെ പ്രായത്തെ ബഹുമാനിച്ചുമാത്രം ഒന്നു നിര്‍ത്ത്വോന്ന് ചോദിച്ചില്ലെന്ന് മാത്രം. ഓര്‍മയില്‍ തങ്ങി നില്‍ക്കുന്നതില്‍ വളരെ പ്രസക്തമായ ചില തരികിടക്കഥകള്‍ ഇങ്ങിനെയൊക്കെയാണ്‌

1. അദ്ദേഹം 1954ല്‍ ആണ്‌ ആദ്യമായി ശബരിമലക്ക്‌ പോകുന്നത്‌. അന്ന് എല്ലായിടത്തും കാടാണ്‌. ഗുരുസ്വാമിക്ക്‌ വഴിയറിയാത്തതിനാല്‍ (പത്തുപതിനാറുവര്‍ഷായിട്ട്‌ മലകേറീട്ടും) നമ്മുടെ സംഘം കാട്ടില്‍ പെട്ടു. എന്തു ചെയ്യും? (ഇത്രയും സത്യമാണെന്ന് തോന്നുന്നു). ഉടനെ നമ്മുടെ കഥാനായകന്‍ ഞാനുണ്ട്‌, വരിന്‍ എന്നുപറഞ്ഞ്‌ എല്ലാരേം മുന്നോട്ട്‌ നയിച്ചു! ഒറ്റയാന്‍ "ഘ്‌ര്‍,ഘ്‌ര്‍" ന്ന് പറഞ്ഞ്‌ വന്ന് പുള്ളിയെ വണങ്ങി. പിന്നെ പുള്ളിക്കും വഴിയറിയാതെ വന്നപ്പോള്‍ ഒരയ്യപ്പന്‍ പെട്രോള്‍മാക്സുമായി വന്ന് അവരേ സന്നിധാനത്ത്‌ കൊണ്ടുവിട്ടു. അന്നു രാത്രി ഇദ്ദേഹത്തിനു സ്വാമി അയ്യപ്പന്‍ സ്വപ്നത്തില്‍ ദര്‍ശനം നല്‍കി താനുള്ളപ്പോള്‍ ഭയപ്പെടേണ്ടെന്നും, താനാണ്‌ അവരെ സന്നിധാനത്തില്‍ കൊണ്ടുവിട്ടതെന്നും അരുളിചെയ്തു. പോരേ പൂരം. വല്ല സ്വപ്നവും കണ്ട്‌ എന്തും വിളിച്ചുപറയാമെന്നോ?

2. അദ്ദേഹത്തിന്റെ നാട്ടില്‍ ഒരു തീവണ്ടിപ്പാതയുണ്ട്‌. ശബരിമലയാത്രയില്‍ തീവണ്ടികേറി ഏഴ്‌ അയ്യപ്പന്മാര്‍ മരിച്ചുപോയി. (ഇത്രയും സത്യമായിരിക്കാം). അവരുടെ ആത്മാക്കള്‍ തൊട്ടടുത്തവീട്ടില്‍ സ്ഥിരമായി പോകുകയും അവിടത്തെ സ്ത്രീയെ പതിവായി ഭയപ്പെടുത്തുകയും ചെയ്യാന്‍ തുടങ്ങി. സഹിക്കെട്ടപ്പോള്‍ ആയമ്മ "അയ്യപ്പസേവ" 1 നടക്കുന്നിടത്ത്‌ പോകുകയും, വെളിച്ചപ്പാടിനോട്‌ സങ്കടം പറയുകയും ചെയ്തു. വെളിച്ചപ്പാട്‌ തുള്ളി തീവണ്ടികേറി മരിച്ച്‌ യാത്ര മുടങ്ങിപ്പോയ അയ്യപ്പന്മാരുടെ ആത്മാവിന്‌ നിത്യശാന്തി ലഭിക്കുവാന്‍ ഈ സ്ത്രീയുടെ ഭര്‍ത്താവിനോട്‌ ശബരിമലക്ക്‌ പോകാന്‍ കല്‍പ്പനയായി. ആ സ്ത്രീയുടെ ഭര്‍ത്താവ്‌ ശബരിമലയിലെത്തിയപ്പോള്‍ അവിടെ ഗണപതിയമ്പലത്തില്‍ വെളിച്ചപ്പാടുതുള്ളി, വന്നതുനന്നായെന്നും, ദര്‍ശനം നടത്തിക്കഴിഞ്ഞാല്‍പിന്നെ, ഒരിക്കലും ആ ബാധാശല്ല്യം അവര്‍ക്കുണ്ടാവില്ലെന്നും അരുളിച്ചെയ്തു.

3. ഇദ്ദേഹം ബോംബെയില്‍ ഒരു "അയ്യപ്പസേവ"1യില്‍ വച്ച്‌ ഇദ്ദേഹത്തിന്റെ സഹോദരനെ ശബരിമലയില്‍കൊണ്ടുപോകാമെന്ന് നിശ്ചയിച്ച അന്ന് ഇവിടെ പാലക്കാട്‌ "അയ്യപ്പസേവ"1യിലെ വെളിച്ചപ്പാട്‌ തുള്ളി ഇദ്ദേഹത്തിന്റെ വീട്ടില്‍വന്ന് ഇദ്ദേഹത്തിന്റെ സഹോദരനോട്‌ ശബരിമലയില്‍ പോകാന്‍ തയ്യാറാവാന്‍ പറഞ്ഞു.

കഥകള്‍ ഇവിടെ അവസാനിക്കുന്നില്ല. ഒന്നോര്‍ക്കണം, ഞാനാരാത്രിമുഴുവന്‍ ഇത്‌ സഹിച്ചു! ഇതുകേട്ട്‌ അയ്യപ്പവിശ്വാസികളായിത്തീര്‍ന്ന യാത്രക്കാര്‍ പത്തും ഇരുപതുമൊക്കെ വഴിപാടിട്ടിട്ട്‌ ഇരുനൂറു രൂപയോളം ഞാന്‍ നടക്കല്‍ സമര്‍പ്പിച്ചു. അത്രയ്ക്കും മികച്ച മിഷനറിവര്‍ക്ക്‌! ദോഷം പറയരുതല്ലോ, ഈ പൊങ്ങച്ചത്തിനിടയിലും എനിക്ക്‌ ചെങ്ങന്നൂരുനിന്നും ശബരിമലയിലേക്ക്‌ എങ്ങനെ പോകാമെന്നും, അവിടെ എന്തെല്ലാം ചെയ്യണമെന്നും പറഞ്ഞുതരാന്‍ അദ്ദേഹം സമയം കണ്ടെത്തി.

ചെങ്ങനൂരെത്തി, മഹാദേവക്ഷേത്രത്തില്‍ കുളിച്ചുതൊഴുത്‌, ആദ്യത്തെ പമ്പ വണ്ടിക്കുതന്നെ പമ്പയ്ക്കുപുറപ്പെട്ടു. വണ്ടിയില്‍വച്ച്‌ കൂടെ പഠിച്ച ഒരു സഹപാഠിയെ കാണാനും പറ്റി. ളാഹയില്‍ പ്രഭാതഭക്ഷണവും കഴിച്ച്‌, 9.30ഓടെ ഞാന്‍ പമ്പയിലെത്തി.

(തുടരും)

വാല്‍ക്കഷ്ണം:
1. "അയ്യപ്പസേവ" എന്ന് തന്നെയാണോ അദ്ദേഹം പറഞ്ഞത്‌ എന്ന് എനിക്ക്‌ കൃത്യമായി ഓര്‍മയില്ല. എന്താണ്‌ ആ വാക്ക്‌ എന്നറിയാവുന്നവര്‍ ഒരു കമന്റ്‌ ഇട്ടാല്‍ ഞാന്‍ അത്‌ അപ്‌ഡേറ്റ്‌ ചെയ്തുകൊള്ളാം.

Thursday, February 21, 2008

എന്റെ ശബരിമല യാത്ര - 2

മൃതനായി അമൃതയില്‍

അമൃത എക്സ്പ്രസ്സ്‌ രാത്രി 10.15നു തന്നെ പാലക്കാട്‌ ജങ്ക്ഷനില്‍ വന്നുചേര്‍ന്നു. തീവണ്ടിയില്‍ നിറയെ ആളുള്ളപോലെ! വാതിലില്‍ വരെ ആളുകള്‍ തൂങ്ങിനില്‍ക്കുന്നു! പെട്ടോ, ഈശ്വരാ! ഞാന്‍ മനസ്സില്‍ ചിന്തിച്ചു! "ജിയോ, പറ്റ്യാ എനിക്കൂടെ ഒരു സീറ്റ്‌ പിടിച്ചോ; ഞാനും നോക്കാം" എന്നും പറഞ്ഞ്‌ ഒറ്റച്ചാട്ടത്തിന്‌ ഞാന്‍ വണ്ടിക്കുള്ളിലെത്തി.

ഇത്രയേറെ ആളുകള്‍ അവിടേം ഇവിടേം ആയി നില്‍ക്കുമ്പൊളും ഒരു സീറ്റില്‍ 2 കുട്ടികള്‍ കിടന്ന് ഉറങ്ങുന്നു! അതിനടുത്തു ചെന്ന് അവിടെ ഇരിക്കാമെന്ന് വച്ചപ്പോള്‍ ഒരു "മാന്യനായ" ഒരു മനുഷ്യന്‍ എന്നെ തടുത്തു. അവിടെ ആ സീറ്റില്‍ കിടക്കുന്നത്‌ അയാളുടെ മക്കളാണുപോലും! അതിന്‌ ഞാന്‍ എന്തുവേണമാവോ? അവിടെ ആരും ഇരിക്കാന്‍ പാടില്ല! "സാറെവിടെന്നാ?". ക്ഷോഭം ഉള്ളിലൊതുക്കിക്കൊണ്ട്‌ ഞാന്‍ വളരെ മാന്യമായി ചോദിച്ചു! ഉടന്‍ വന്നു മറുപടി "യു.എസ്സീന്ന്!"

ശ്ശെടാ പുലീ, എവനാളുകൊള്ളാമല്ലൊ. ഓ ഞാനാരാ മോന്‍. എനിക്കിലയിടുന്നോടാ..? എന്ന് മനസ്സിലോര്‍ത്തോണ്ട്‌ ഞാന്‍ അടുത്ത സാമ്പിള്‍ പൊട്ടിച്ചു; "സാറെവിടേക്കാ?". "പാതാളത്തിലേക്ക്‌" എന്നു മറുപടി. "പെട്ടോ ഈശ്വരാ; അപ്പോ ഈ വണ്ടി പാതാളത്തിലേക്കായിരുന്നോ? ഞാന്‍ ചെങ്ങന്നൂര്‍ക്കാ ച്ച്ട്ടാകേറ്യേ! നിര്‍ത്ത്വാ, ആളെറങ്ങണം!" ഞാനും വിട്ടുകൊടുത്തില്ല. ഇതെല്ലാം കേട്ട്‌ അടുത്ത്‌ നിന്നിരുന്ന ആളുകള്‍ക്ക്‌ ഈ മറുപടി ക്ഷ പിടിച്ചു! അവര്‍ എന്നെ സപ്പോര്‍ട്ട്‌ ചെയ്ത്‌ ചിരിയോചിരി!

അയാള്‍ക്കതിഷ്ടാല്ല്യ. അയാള്‍ പിന്നെയും എന്നെ തള്ളിക്കൊണ്ടേയിരുന്നു. ഇയാളോടുള്ള ദേഷ്യത്തിന്‌ ആ കുട്ടികളെ എഴുന്നേല്‍പ്പിക്കാന്‍ മടിച്ച്‌ ഞാന്‍ "ചുമടുതാങ്ങി"ക്കുമേല്‍ ഇരിക്കാന്‍ നോക്കുമ്പോള്‍ അയാളുടെ കീബോര്‍ഡ്‌! അതും മലര്‍ത്തി വച്ചിരിക്കുന്നു. അത്‌ നിര്‍ത്തിവച്കാല്‍ എനിക്കവിടെ ഇരിക്കാമല്ലോ എന്നു വച്ച്‌ അതു നീക്കിയപ്പോള്‍ അയാള്‍ ബഹളം തുടങ്ങി! ഇവന്‍ ചുമ്മാ അടങ്ങുമെന്നു തോന്നുന്നില്ലല്ലോ ഭഗവാനേ! അപ്പോഴേക്കും ആളുകള്‍ ബഹളം വച്ചുതുടങ്ങി. ഞാനയാളുടെ കീബോര്‍ഡ്‌ നിര്‍ത്തിവച്ച്‌ അവിടെ സ്ഥലമുണ്ടാക്കുമ്പോഴെക്കും ജീയോയും അവിടെ വന്നുചേര്‍ന്നു (ഇതെല്ലാം വണ്ടിയില്‍ കയറിയിട്ട്‌ ഏതാണ്ട്‌ 45 നിമിഷങ്ങള്‍ക്കുള്ളിലാണ്‌)

ജിയോ വന്ന ഉടനെ ചുമടുതാങ്ങിയില്‍ കയറിയിരുന്നു. ഞാനാസീറ്റില്‍ കുട്ടികള്‍ കിടക്കുന്നതിന്‌ ഒരല്‍പ്പം മാറി ഇരിപ്പുറപ്പിച്ചു. എന്റെയീ സ്വഭാവം കണ്ട്‌ അമ്പരന്ന നമ്മുടെ 'സാര്‍' എന്നെനോക്കി ഒരു പുച്ഛഭാവത്തൊടെ എവിടെന്നാ എന്നൊരു ചോദ്യത്തിന്‌ "ഞാനോ..? ഞാന്‍ ചന്ദ്രനീന്നാ" എന്നു വിനയാന്വിതനായി ഞാന്‍ മറുപടി കൊടുത്ത്‌ എതിരെ നോക്കുമ്പോള്‍ ഒരു സ്വാമി; ശബരിമലയില്‍നിന്നു വരികയാണെന്ന് കണ്ടാലറിയാം, പിന്നെ ജീന്‍സും ഷര്‍ട്ടും ധരിച്ച്‌ പാന്‍ പരാഗും ഹംസുമായി ഇരിക്കുന്ന ഒരു ചെറുപ്പക്കാരന്‍, പിന്നേയും ആരൊക്കെയോ...

(തുടരും)

Tuesday, February 19, 2008

എന്റെ ശബരിമല യാത്ര - 1

ഫെബ്രുവരി 14, 2008(വാലെന്റൈന്‍സ്‌ ഡെ):


രാവിലെ ഒരു 6.30ഓടെ രാജീവിനെ വിളിച്ചു. അയാള്‍ രാത്രിയേ എന്നെ വിളിച്ച്‌ എനിക്ക്‌ പെര്‍മിഷന്‍ തരാന്‍ കഴിയുമോ എന്ന്‌ പറയാമെന്ന്‌ പറഞ്ഞിരുന്നതാണ്‌!

അയാള്‍ വിളിക്കില്ലെന്നും, ഞാന്‍ രാവിലേ വിളിച്ചാല്‍ ഉറപ്പായും മുടന്തന്‍ ന്യായങ്ങള്‍ പറയുമെന്നും എനിക്കറിയായ്കയല്ല. എന്നാലും ശബരിമലക്കുപോകേണ്ടത്‌ എനിക്കാണല്ലോ. സ്വതസിദ്ധമായ ഗൗരവത്തില്‍ "ഇളന്‍ ഡിഡ്‌ നോട്‌ റിപ്ലേ മീ ആസ്‌ ഓഫ്‌ നൗ. ഓ.കെ, യു കാന്‍ സ്റ്റാര്‍ട്ട്‌. ഐ വില്‍ ടേക്‌ കെയര്‍ ഓഫ്‌ ദ റിമൈനിങ്‌" എന്ന്‌ അയാള്‍ പറയാന്‍ കാരണമെന്തെന്ന്‌ എനിക്കിപ്പൊഴും അറിയില്ല!

എന്തായാലും ഞാന്‍ ശബരിമലക്ക്‌ പോകുന്നകാര്യം നാടാകെ അറിയിക്കാന്‍ എന്റെ കോണ്ടാക്‌റ്റ്‌ ലിസ്റ്റിലുള്ള സകലരെയും ഞാന്‍ വിളിച്ചു പറഞ്ഞു. 11.30നുള്ള മംഗലാപുരം ചെന്നൈ തീവണ്ടിക്ക്‌ സെന്റ്രലില്‍ നിന്നും പാലക്കാട്ടേക്ക്‌ പോയി, അവിടെന്ന്‌ അമൃതക്ക്‌ ചെങ്ങന്നൂര്‍ക്ക്‌ പോകാനായിരുന്നു എന്റെ പരിപാടി!

10മണിയോടെ ഞാന്‍ ജെനെറല്‍ ടിക്കറ്റും വാങ്ങി നേരെ തീവണ്ടിയില്‍ കയറി. ആരും ഇരിക്കുന്നില്ലായിരുന്നെങ്കിലും എല്ലാ സീറ്റിലും ന്യൂസ്‌പേപ്പറുകളോ, തോര്‍ത്തുമുണ്ടുകളോ വച്ചു ആരോ പിടിച്ചിരുന്നു! അവിടെയിരുന്നിരുന്ന ഒരാളോടുചോദിച്ചപ്പോള്‍ "അവിടെയെല്ലാം ഇപ്പൊ ആള്‍ക്കാര്‍ വരും" എന്ന മറുപടി കിട്ടി. കുറച്ചുകഴിഞ്ഞപ്പോള്‍ അയാള്‍ പതുക്കെ എന്റെ അടുത്ത്‌ വന്ന്‌ ജനലിനടുത്തിരിക്കണോ എന്നു ചോദിച്ചു! "കൊള്ളാം, മോനെ. നിനക്കു നല്ല പണി ഞാന്‍ തരാം" എന്നു മനസ്സില്‍ നിശ്‌ചയിച്ച്‌ വേണ്ടെന്ന അര്‍ഥത്തില്‍ ഞാന്‍ തലയാട്ടി. അല്ല, ഗവണ്‍മെന്റിന്‌ കൊടുക്കുന്നതുപോരാഞ്ഞ്‌ കണ്ണീക്കണ്ട പട്ടിക്കും പൂച്ചക്കും പൈസ കൊടുക്കാനോ?, അതും അന്യായമായി? എന്റെ രക്തം തിളച്ചു! (ഈ രക്തം തിളക്കുന്ന സ്വഭാവം പണ്ടേ ഉള്ളതാണേ, വേറാരേലും വല്ല തൊന്ന്യാസോം കാണിച്ചാല്‍ അതങ്ങനെ തിളച്ചുമറിയും, പക്ഷെ, ഞാനാണ്‌ കാണിക്കണതെങ്കില്‍ ഒരു കൊഴപ്പോംല്ല്യ!)

പരാതിപ്പെടാന്‍ എനിക്കു തെളിവുവേണമല്ലോ; അവസരം വരുന്നവരെ ഞാന്‍ കാത്തിരുന്നു. അയാള്‍ ഒരു സീറ്റ്‌ വിറ്റ്‌ ആ കാശ്‌ മുണ്ടിന്റെ കുത്തില്‍ തിരുകണത്‌ കണ്ടപ്പോള്‍ എന്നിലെ പൗരബോധം ഉറഞ്ഞുതുള്ളി. ഞാന്‍ ഓടിപ്പോയി റെയില്‍വേ പോലീസിനെയും കൂട്ടി വന്നു. കാര്യായിട്ടൊരാളേം കൈകാര്യം ചെയ്യാന്‍കിട്ടാതെ സങ്കടപ്പെട്ടുനില്‍ക്കുന്ന അവര്‍ ശരിക്കും ഹാപ്പിയായി. ഓടി വന്ന ഉടനേ അവര്‍ മൂന്നു വാതിലുകളിലൂടെയും ഇരച്ചു കയറി. അവര്‍ക്ക്‌ ഞാന്‍ നമ്മുടെ കഥാനായകനെ ജനലിലൂടെ കാണിച്ചുകൊടുത്തിരുന്നു! വന്ന ഉടനെ ചിലര്‍ ആ ന്യൂസ്‌പേപ്പറുകളും തോര്‍ത്തുമുണ്ടുകളും വലിച്ചെറിഞ്ഞു! മറ്റുചിലര്‍ ഓടിപ്പോയി അയാളോടു ടിക്കറ്റ്‌ ചോദിച്ചു. അയാള്‍ടേലുണ്ടൊ ടിക്കറ്റ്‌? ഉടനേ നമ്മുടെ സംഘം, എന്റെ പ്രതിഷേധത്തെ വകവെക്കാതെ, ലാത്തി തുടങ്ങിയ സംഗീതോപകരണങ്ങളാല്‍ തങ്ങളുടെ കലാപ്രകടനം ആരംഭിച്ചു! നമ്മുടെ കഥാനായകന്‍ മില്‍ഖാസിങ്ങിനെപ്പോലെ ഓട്ടം തുടങ്ങി. വിടുമോ നമ്മുടെ കാവല്‍ദുറൈ? വളരെക്കാലംകൂടി കിട്ടിയ ഒരു അവസരമല്ലേ, അവരും പിന്നാലെ! അയാളെ വടിയെറിഞ്ഞു വീഴ്ത്തി നേരെ കൊണ്ടുപോയി പിഴയും ചാര്‍ജ്‌ ചെയ്തിട്ട്‌ 'മേലാല്‍ റെയില്‍വേ പരിസരത്തു കണ്ടുപോകരുത്‌' എന്നും കല്‍പ്പിച്ചു പറഞ്ഞു വിട്ടു.

ഇതോടെ എനിക്കൊരു ലിറ്റില്‍ ഹീറൊ പരിവേഷം കിട്ടിയപോലെ. ഒരുപാടാളുകള്‍ വന്ന്‌ ഞാന്‍ ചെയ്തത്‌ ഒരു നല്ല കാര്യമാണെന്നും അതുകൊണ്ടാണവര്‍ക്കിരിക്കാന്‍ സീറ്റ്‌ കിട്ടിയത്തെന്നും പറഞ്ഞ്‌ എന്നെ അഭിനന്ദിച്ചു!അങ്ങനെ യാത്രയില്‍ കുറെ മലയാളികളെക്കൂടി ഞാന്‍ പരിചയപ്പെട്ടു. വയനാട്ടില്‍ നിന്നുള്ള ഒരു "അഷ്‌റഫ്‌ അവന്റെ നമ്പര്‍ എന്ന്‌ പറഞ്ഞ്‌ തന്നത്‌ മൈസൂരിലുള്ള ഒരു കൊച്ചു സുന്ദരിയുടെ നമ്പറാണെന്ന്‌ ഞാന്‍ പിന്നീടറിഞ്ഞു! (നന്നായിന്നല്ലേ? ശരിക്കും! പുള്ളിക്കാരി മലയാള്യന്ന്യാണേ!). പിന്നെ എറണാകുളത്ത്‌ അമൃതയില്‍ ഇന്റര്‍വ്യൂവിനു പൊണ ജിയോ, അങ്ങനെ അങ്ങനെ!ഏതായാലും പാലക്കാട്‌ എത്തിയതറിഞ്ഞില്ല! എറങ്ങുമ്പൊ, എല്ലാര്‍ക്കും വിഷമം.

ഞാനും ജിയോയും അവിടെന്നു ഭക്ഷണം കഴിച്ച്‌ ടിക്കറ്റും വാങ്ങി അമൃതയ്ക്കു കാത്തിരുന്നു!