Tuesday, April 15, 2008

നല്ല മണമുള്ള ഒരു സാധനം

ളരെ നാൾ മുമ്പാണ്. ഞങ്ങൾ നാലാംതരത്തിൽ പഠിക്കുന്ന കാലം. ഞങ്ങൾ എന്ന് പറയുമ്പോൾ സോജു, ജിത്തു, ചിഞ്ചു, സണ്ണി എന്നിങ്ങനെ തണ്ണീർക്കോട് സ്‌കൂളിലെ ടീച്ചർമാരുടെ മക്കളുടെ ഒരു കൺസോർഷ്യമാണുകേട്ടോ. അതുകൊണ്ടുതന്നെ ഞങ്ങൾക്ക് കിട്ടിയിരുന്ന സ്പെഷൽ പരിഗണനകൾ ഒരുപാടുണ്ടായിരുന്നു. ക്ലാസിൽ ചോദ്യം ചോദിക്കുമ്പോൾ ആദ്യം ഉത്തരം പറയാനവസരം പലപ്പോഴും ഞങ്ങൾക്കാവാറുണ്ട്. അടീം പിടീം ഒന്നൂല്ല്യ! അതോണ്ടന്നെ, ഞാൻ കാണിച്ചിരുന്ന തല്ലുകൊള്ളിത്തരത്തിൻ ഒരതിരുമില്ലായിരുന്നു. പലപ്പോഴും സഹികെട്ട് കൊച്ചുമോൾ ടീച്ചർ പിടിച്ചുനിർത്തി ചന്തിക്ക് പൂശൂന്നതും, ടീച്ചറെന്താച്ചാ ചീതോ, നിക്കൊന്നൂല്ല്യാ.. എന്ന ഭാവത്തിൽ ഞാനത് കൊള്ളുന്നതും സ്ഥിരമായിരുന്നു.

ഇത്രേം ചരിത്രം. ഇനി കാര്യത്തിലേക്കുവരാം.

ഇതുപോലത്തെ ഒരു ചോദ്യോത്തര വേള. ശിവൻ മാഷ് ഘ്രാണശക്തിയെക്കുറിച്ച് പഠിപ്പിക്കാനൊരുങ്ങുകയാണ്.

"ഡാ, നല്ല മണമുള്ള ഒരു സാധനത്തിന്റെ പേരുപറയെടാ.."

ഇത്തവണ ചോദ്യം മോനമ്മടീച്ചറുടെ മകൻ സണ്ണി തരകനോടാണ്. അവന്റെ കണ്ണുരണ്ടും തള്ളിപ്പോയി. നല്ല മണമുള്ള സാധനം..? പറയുമ്പോ ഏറ്റവും നല്ല മണമുള്ള സാധനം തന്നെ പറയണം. ഇല്ലേൽ സ്റ്റാറ്റസ്സിന് വല്ല്യ കൊറച്ചിലാവും. ഒട്ടും ആലോചിക്കാൻ നിക്കാതെ സ്വതസിദ്ധമായ ശൈലിയിൽ വന്നു അവന്റെ ഉത്തരം

"തീട്ടം, മാഷേ....നല്ല മണമല്ലേ?"

ശിവൻമാഷുടെ കൈയ്യിലെ വടിയിൽനിന്നുമുയരുന്ന സീൽക്കാരശബ്ദവും സണ്ണിയുടെ അലറിക്കരച്ചിലും ക്ലാസ്സിലെ പൊട്ടിച്ചിരികൾക്കിടയിലും വ്യക്തമായി കേൾക്കാമായിരുന്നു.

Tuesday, April 8, 2008

പച്ചതത്ത

ർഷങ്ങൾക്കുമുമ്പുള്ള ഒരു തണുത്ത പ്രഭാതം. ഞാനന്ന് പ്ലസ് ടുവിന് പഠിക്കുന്നു. മനസ്സിൽ പ്രണയത്തിന്റെ നനുത്ത തൂവൽസ്പർശമായി കടന്നുവന്ന അവളോട് എന്റെ പ്രണയം തുറന്നുപറയാൻ എന്റെ അപകർഷതാബോധം അന്നും എന്നെ അനുവദിച്ചിരുന്നില്ല. അന്നത്തെ പ്രണയത്തിന്റെ തീക്കാറ്റിൽ സ്‌ഫുടം ചെയ്ത ഒരു കൊച്ചുപൈങ്കിളിക്കവിതയാകട്ടെ ഇത്തവണ. തുഞ്ചന്റെ കിളിപ്പെണ്ണ് മലയാളഭാഷയാണെങ്കിൽ എന്റെ കിളിപ്പെണ്ണെന്റെ നിശ്ശബ്‌ദപ്രണയമായിരുന്നു. ഏഴുവർഷങ്ങൾക്കുമുമ്പേ എഴുതിയ ഒരേട് ഓർമ്മയിൽനിന്നും ഇവിടെ തുന്നിച്ചേർക്കുന്നു.

പച്ചിലയ്ക്കൊത്ത പച്ചനിറമുള്ള-
തത്തക്കുഞ്ഞിനെ കണ്ടുഞാൻ സോദരാ...
എത്രയെത്രയോ സന്തോഷദായകം
ശാരികപ്പൈതൽ തന്നുടെ താരുടൽ

ഉദയസൂര്യന്റെയരുണവർണ്ണത്താലോ
ഇത്രയും ചോപ്പേറുന്നകൊക്കുകൾ
നല്ലകുന്നിക്കുരുമണിപോലെയോ
നന്മയേറുന്ന സുന്ദരനേത്രങ്ങൾ

തുടുതുടുപ്പുള്ള പച്ചപ്പട്ടൊത്തൊരു
മിനുമിനാ മിനുങ്ങുന്നൊരു ദേഹവും
കാണുമ്പോഴാർക്കും വിസ്മയം തോന്നുന്ന
ഭാവവും തന്നതാരാണുസോദരീ

പോരുമോ നിന്നെ ഞാനെന്റെ നെഞ്ചിലെ
ചൂടേറുന്നൊരു കൂട്ടിൽ വളർത്തിടാം
പ്രേമത്തോടൊപ്പം പാലും പഴങ്ങളും
ആവോളം തന്നു പോറ്റിടാം നിന്നെഞാൻ

എന്റെ ജീവൻ കളഞ്ഞും ഞാൻ നിന്നുടെ
പ്രാണനെ കാത്തു രക്ഷിക്കാം സുന്ദരീ
പോരുകില്ല ഞാനെന്നുചൊല്ലല്ലെനീ
പാവമെന്നെ ഹതാശനാക്കീടല്ലേ.

Wednesday, April 2, 2008

നിർവികാരത

ങ്ങനെ ഒരുദിനം കൂടി എന്റെ ജീവിതത്തിൽനിന്നും അടർന്നുവീണീരിക്കുന്നു. അറിയേണ്ടതറിയാതെയും ചെയ്യേണ്ടത് ചെയ്യാതെയും സമയം തള്ളിനീക്കുകയെന്നത് ഇപ്പോൾ പതിവായിരിക്കുകയാണ്. ഒരുതരം നിർവികാരത രക്തത്തിലലിഞ്ഞുചേർന്നിരിക്കുന്നു.

രാവിലെയെഴുന്നേറ്റ് സൂര്യോദയം കാണുമ്പോഴേക്കും "ഛേ, കഷ്ട"മെന്ന് തോന്നാറുണ്ട്. ഈ സൂര്യൻ ഉദിക്കാതിരുന്നെങ്കിൽ, ആഴ്ചയിലോരോ ദിവസവും ഞായറാഴ്ചകൾ പോലെ അവധിദിവസങ്ങളായിരുന്നെങ്കിൽ! ഒരുദിവസമെങ്കിലും ആറുമണിയോടെ, വേണ്ട ഏഴുമണിയോടെ വീട്ടിലെത്താൻ കഴിഞ്ഞെങ്കിൽ!! ചിന്തകൾ വേദനകളാകുമ്പോൾ പരിഭവം പറയാതെ, രണ്ടുപിടി അരി കഴുകി കുക്കറിൽ വേവിക്കാൻ വെച്ച് നിർവികാരനായിരിക്കാറുണ്ട്.

കാലം കടന്നുപോകുന്നതറിയാതെ, ഇന്നലെകളെക്കുറിച്ചോർത്ത്, ഇന്നിന്റെ മാധുര്യമാസ്വദിക്കാനാവാതെ, ഇന്നിനെ ഇന്നലെയാക്കി നാളെ അനുഭവിക്കേണ്ടിവരുന്ന ഒരുതരം വിഭ്രാന്തിയിൽ ദിനങ്ങളൊഴുകിനീങ്ങുകയാണ്. രാവിലെ രണ്ടുമണിക്ക് ജോലികഴിഞ്ഞ് തിരിച്ചുവന്ന്, എട്ടരയ്ക്കുതന്നെ തിരിച്ചെത്തേണ്ടിവരുമ്പോഴും നിർവികാരമായ പുഞ്ചിരിയുടെ വിരിപ്പിനുള്ളിൽ മനസ്സിനെ മൂടിവയ്ക്കാറുണ്ട്.

കാടുകേറി, മേടുകേറി, മരംകേറി, മലകേറി ചിന്തകളങ്ങനെ വിഹരിക്കുമ്പോൾ, മരവിച്ചമനസ്സുമാത്രം എനിക്കുകൂട്ടാകുന്നു. മനസ്സും ശരീരവുമായുള്ള ഭൌതികമായ ബന്ധം വിഛേദിക്കപ്പെടുന്നതിനെയാണ് മരണമെന്ന് വിളിക്കുന്നതെങ്കിൽ, ഞാനെന്നേ മരിച്ചുകഴിഞ്ഞിരിക്കുന്നു! മനസ്സില്ലാത്ത ഒരു ശരീരവും പേറി ഞാൻ നടന്നുനീങ്ങുമ്പോളും രാത്രി പകലും പകൽ രാത്രിയുമാക്കി കാലം തന്റെ കളി തുടരുകയാണ്.