Friday, March 21, 2008

അക്ഷര ഇൻഡിക് ഡെവലപ്പർ ബീറ്റ 2

അക്ഷര ഇൻഡിക് ഡെവലപ്പർ ബീറ്റ 2 (മൈനർ ബിൽഡ് 0.0.0.10) ഞാനിന്ന് നിങ്ങൾക്കായി സമർപ്പിക്കുന്നു. ഡൌൺലോഡ് ചെയ്യാനുള്ള ലിങ്ക് ഇവിടെ കൊടുത്തിട്ടുണ്ട്. ഉപയോഗിച്ചുനോക്കി അഭിപ്രായം പറയുമല്ലോ അല്ലേ?

Monday, March 10, 2008

അക്ഷര 0.0.0.9 ഡെവലപ്പർ ബീറ്റ 1

അക്ഷരയുടെ ഡെവലപ്പർ ബീറ്റ 1 റിലീസ് ചെയ്തിരിക്കുന്നു! കൂടുതൽ വിവരങ്ങൾക്കും ഡൌൺലോഡ് ചെയ്യുന്നതിനും ഇവിടെ ക്ലിക്ക് ചെയ്യൂക!

ഓ.ടോ: ഇനി ഗൂഗ്ൾ സേർച്ചിൽ നിങ്ങളുടെ ചില്ലക്ഷരങ്ങൾ നഷ്ടപ്പെടില്ല! അക്ഷര യൂണിക്കോഡ് 5.1.0 ഉപയോഗിക്കുന്നു

Saturday, March 8, 2008

അക്ഷര 0.0.0.9 ഡവലപ്പര്‍ ബീറ്റ റിലീസ്‌ 1

രുപാടുദിവസത്തെ ഭഗീരഥപ്രയത്നത്തിനൊടുവില്‍, അക്ഷര ഇന്‍ഡിക്‌ സ്ക്രിപ്റ്റ്‌ ജെനെറേറ്ററിന്റെ 0.0.0.9 ഡെവെലപ്പര്‍ ബീറ്റ (9th Minor Build Developer Beta) മാര്‍ച്ച്‌ 15നു നിങ്ങള്‍ക്കായി സമര്‍പ്പിക്കുകയാണ്‌. ഇത്‌ അപൂര്‍ണ്ണവും, റെന്‍ഡെറിങ്ങിലും സ്ക്രിപ്റ്റ്‌ ജെനെറേഷനിലും ഒരുപാട്‌ അപാകതകള്‍ നിറഞ്ഞതുമാണെങ്കിലും നിങ്ങളുടെ സ്വകാര്യതയ്ക്കും, കമ്പ്യൂട്ടറിനും യാതൊരു അപകടവുമുണ്ടാക്കാത്ത രീതിയിലാണ്‌ ഇത്‌ എഴുതിയിരിക്കുന്നത്‌. ഏതുഭാഷയിലേക്കും ട്രാന്‍സ്ലിറ്ററേഷന്‍ സാധ്യമാകുംവിധം, പ്ലഗ്ഗ്‌-ഇന്‍ അടിസ്ഥാനമാക്കി എഴുതിയിരിക്കുന്ന യൂണിക്കോഡ്‌ എന്‍ജിനും, വളരെ സുശക്തമായ എക്സപ്‌ഷന്‍ മാനേജുമെന്റും, പരിപൂര്‍ണമായും യൂണിക്കോഡ്‌ 5.1.0 ലിപിമാറ്റവും, സുന്ദരവും ടാബ്ബ്‌ഡ്‌ ഡോക്ക്യുമെന്റ്‌ സപ്പോര്‍ട്ടോടുകൂടിയതുമായ യൂസര്‍ ഇന്റെര്‍ഫേസും അക്ഷരയ്ക്ക്‌ മാറ്റുപകരുന്നു.

ആര്‍ക്കിടെക്‍ച്ചര്‍:

അക്ഷര എഡിറ്ററിന്റെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ താഴെ വിവരിക്കുന്നു

1. യൂസര്‍ ഇന്റര്‍ഫേസ്‌ മാനേജര്‍:
ബ്രൗസര്‍ ബേസ്‌ഡ്‌ ഡയറക്റ്റ്‌ യൂണിക്കോഡ്‌ റെന്‍ഡെറിങ്ങോടുകൂടിയ ടാബ്ബ്‌ഡ്‌ ഡോക്ക്യുമെന്റുകളാണ്‌ അക്ഷരക്ക്‌. വരമൊഴിയിലേതുപോലെ, ഒരു എഡിറ്റര്‍ കണ്ട്രോളും, ഒരു ബ്രൗസര്‍കണ്ട്രോളുമാണ്‌ പ്രധാനം. ടൈപ്പുചെയ്യുന്നതിനനുസരിച്ച്‌, അക്ഷര, ലിപിമാറ്റംവരുത്തിയ അക്ഷരങ്ങള്‍ ടാര്‍ഗറ്റ്‌ കണ്ട്രോളില്‍ ചേര്‍ത്തുകൊണ്ടിരിക്കും. നിങ്ങള്‍ക്ക്‌ ഇവിടെ നിന്നും അക്ഷരങ്ങള്‍ കോപ്പിചെയ്ത്‌ ഉപയോഗിക്കുവാന്‍ വളരെ എളുപ്പമാണ്‌. ഫയല്‍ ഐ.ഓ. അടുത്ത ബീറ്റയുടെ കൂടെ എഴുതിചേര്‍ക്കുന്നതാണ്‌.

2. യൂണീക്കോഡ്‌ എന്‍ജിന്‍:
അക്ഷരയുടെ യൂണിക്കോഡ്‌ എന്‍ജിന്‍ വളരെ സുശക്തവും, ഒന്നിലധികം ഭാഷകള്‍ക്ക്‌ പിന്തുണനല്‍കാന്‍ കഴിയുംവിധം പ്ലഗ്‌ ഇന്‍ സപ്പോര്‍ട്ടോടുകൂടിയാണ്‌ ഉദ്ദേശിക്കുന്നത്‌. കോണ്‍ഫിഗറേഷന്‍ മാനേജറില്‍ എഴുതുന്നതുപോലെ, അക്ഷര .Net Reflection എന്ന ഒരു സൂത്രമുപയോഗിച്ച്‌ dynamic invocation ലൂടെ ലിപിമാറ്റം വരുത്തുന്ന രീതിയാണ്‌ ഉദ്ദേശിക്കുന്നതെങ്കിലും അത്‌ ഈ വേര്‍ഷനില്‍ ചേര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിനായി എക്സ്‌.എം.എല്‍ നിവേശനരീതിയിലൂടെയാകും അക്ഷര ഇന്‍പുട്ട്‌ സ്വീകരിക്കുക. ഉദാഹരണത്തിന്‌ <en>..</en> എന്ന ടാഗുകള്‍ക്കുള്ളില്‍ ടൈപ്പുചെയ്യുന്നത്‌ ഇംഗ്ലീഷിലായിരിക്കും അക്ഷര റെന്‍ഡര്‍ ചെയ്യുക. ഈ സൂത്രവിദ്യയും, അക്ഷരയോടുകൂടി ഇപ്പോള്‍ ചേര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല

3. എക്സപ്‌ഷന്‍ മാനേജര്‍:
മിക്കവാരും എല്ലാ റണ്‍ടൈം തെറ്റുകളെയും അക്ഷര പിടികൂടുകയും, അവയുടെ സിവിയേറിറ്റി അനുസരിച്ച്‌ അവഗണിക്കുകയോ ലോക്കല്‍ സിസ്റ്റത്തിലോ, ഡെവെലപ്പര്‍ നോട്ടിഫിക്കേഷനായോ, ഓണ്‍ലൈനായോ പബ്ലിഷ്‌ ചെയ്യുകയും ചെയ്യുന്നതരത്തിലാണ്‌ എക്സപ്‌ഷന്‍ മാനേജറെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്‌. അക്ഷരയുടെ എക്സപ്‌ഷന്‍ സിവിയേരിറ്റി ലവലുകളെ Negligible, Low, Below Normal, Above Normal, High, Critical എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു. Low ന്‌ മുകളിലുള്ള എക്സപ്ഷനുകള്‍ ഉപയോക്താവിനെ അറിയിക്കുകയും, എങ്ങനെയാണ്‌ പ്രസാധനം ചെയ്യേണ്ടത്‌ എന്നന്വേഷിക്കുകയും ചെയ്യുന്നത്‌ ഒരു ഡയലോഗിലൂടെയാണ്‌. ഓണ്‍ലൈനായി പ്രസാധനം ചെയ്യുന്ന തെറ്റുകള്‍ ഉടനേതന്നെ, http://akshara-eventlog.blogspot.com എന്ന വിലാസത്തില്‍ പ്രത്യക്ഷമാകുകയും ചെയ്യും. എക്സപ്‌ഷന്‍ മാനേജര്‍ ഈ റിലീസില്‍ ചേര്‍ത്തിട്ടുണ്ട്‌.

4. കോണ്‍ഫിഗറേഷന്‍ മാനേജര്‍:
ഏതൊരു .Net അപ്ലിക്കേഷനെയും പോലെ അക്ഷര വിന്‍ഡോസ്‌ രെജിസ്റ്ററി ഉപയോഗിക്കുന്നില്ല. അക്ഷരയുടെ കോണ്‍ഫിഗറേഷനുകള്‍ ഒരു എക്സ്‌.എം.എല്‍ ഫയലിലാണ്‌ സൂക്ഷിക്കപ്പെടുക. ഉപയോക്താവിനുവേണ്ടി അതില്‍ വേണ്ടുന്ന മാറ്റങ്ങള്‍ വരുത്തുകയും, അവയെല്ലാം രേഖപ്പെടുത്തിവയ്ക്കുകയുമാണ്‌ കോണ്‍ഫിഗറേഷന്‍ മാനേജറിന്റെ ധര്‍മ്മം. പുതിയ ഭാഷ്കള്‍ക്കുവേണ്ടി പ്ലഗ്‌-ഇന്‍ നുകള്‍ കോണ്‍ഫിഗറേഷന്‍ മാനേജറാണ്‌ ഇന്‍സ്റ്റാള്‍ ചെയ്യുന്നത്‌. കോണ്‍ഫിഗറേഷന്‍ ഫയല്‍ ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ടെങ്കിലും കോണ്‍ഫിഗറേഷന്‍ മാനേജര്‍ ഇപ്പോഴും പൂര്‍ണ്ണമല്ല.

Installation requirements:
1. Microsoft .Net 2.0 Environment
2. Microsoft Internet Explorer
3. Font: Anjali Old Lipi

അറിയുന്ന പ്രശ്നങ്ങള്‍:
1. അപ്ലിക്കേഷന്‍ പൂര്‍ണ്ണമായും ഒപ്റ്റിമൈസ്‌ ചെയ്തിട്ടില്ല.
2. എക്സപ്‌ഷന്‍ മാനേജര്‍ ഒഴികെ, മൊഡ്യൂളുകള്‍ പൂര്‍ണ്ണമായിട്ടില്ല.
3. മലയാളം ലിപിമാറ്റം അപൂര്‍ണ്ണമാണ്‌

ഡെവലപ്‌മെന്റിന്റെ അടുത്തഘട്ടത്തിലേക്ക്‌ കടക്കുന്നതിനുമുമ്പേ, പ്രവര്‍ത്തന മികവിനും, കമ്പ്യൂട്ടര്‍ റിസോഴ്‌സ്‌ ഉപയോഗം കുറക്കുന്നതിനും വേണ്ടി അക്ഷരയ്ക്ക്‌ ചില റീ ആര്‍കിടെക്‍ചര്‍ പ്ലാനുകള്‍ ഉദ്ദേശിക്കുന്നുണ്ട്‌. അക്ഷര നിങ്ങള്‍ ഉപയോഗിച്ച ശേഷം അത്‌ എങ്ങനെയെല്ലാം, എവിടെയെല്ലാം മാറ്റങ്ങള്‍ വരുത്തണമെന്ന് നിര്‍ദ്ദേശിക്കുക.

ഡൗണ്‍ലോഡ്‌ ചെയ്യുവാന്‍:
അക്ഷരയുടെ 0.9 ഡവലപ്പര്‍ ബീറ്റ 1 വിന്‍-റാര്‍ ഫൊര്‍മാറ്റില്‍ ഇവിടെ കൊടുത്തിരിക്കുന്നു. Right Click on the link and Choose Save Target As
കുറിപ്പ്‌: ഈ ബീറ്റാ റിലീസ്‌ മാര്‍ച്ച്‌ 15 മുതല്‍ മാത്രമേ ഈ ലിങ്കില്‍ ലഭ്യമാവുകയുള്ളൂ. ഏപ്രില്‍ 13നു മുമ്പായി സ്റ്റേബിള്‍ ബീറ്റ ലഭ്യമാക്കാന്‍ ശ്രമിക്കാം.
സ്ക്രീന്‍ ഷോട്ടുകള്‍:


1. Akshara Editor Window



2.Generated Unicode Values for verification



3. Error Notification Dialog

Thursday, March 6, 2008

ടെലിമാര്‍ക്കെറ്റിങ്ങ്‌ സുന്ദരി

രാവിലെ ഡെസ്കില്‍ച്ചെന്ന് ബാഗ്‌ വെക്കുമ്പോഴേക്കും ഫോണടിച്ചുതുടങ്ങി. ആരാണാവോ ഈ ശല്യം, കൊച്ചുവെളുപ്പാന്‍കാലത്തന്നേന്ന് പ്രാകിക്കൊണ്ട്‌ ഫോണെടുത്തു. ഉടനെ പ്രീറെക്കോര്‍ഡെഡ്‌ ഐ.വി.ആര്‍.എസ്‌ പോലെ "ദിസ്‌ ഈസ്‌ ദിവ്യ ഫ്രം സിറ്റി ബാങ്ക്‌ ക്രെഡിറ്റ്‌ കാര്‍ഡ്‌സ്‌; വീ ആര്‍ ഓഫെറിംഗ്‌ ലൈഫ്‌ ടൈം ഫ്രീ ക്രെഡിറ്റ്‌ കാര്‍ഡ്‌സ്‌...." ദിവ്യ തുടരുകയാണ്‌!

എന്തായാലും, ഇപ്പൊ പഴയപോലെയല്ല. അക്കൗണ്ട്‌ മാനേജറെ കണ്ട്‌ കാര്യം പറഞ്ഞ്‌ രാജീവിന്റെ ടീമില്‍നിന്നും ഇ.എഫ്‌. ഹൈഡ്രയിലേക്ക്‌ മാറിയതില്‍പ്പിന്നെ, നടുനിവര്‍ത്താന്‍ പോലും സമയം കിട്ടിയിട്ടില്ല! എന്നാലും നമ്മുടെ ദിവ്യമോള്‍ വിളിക്കുമ്പോള്‍ എങ്ങനാ ഞാന്‍ ബിസിയാണുമോളേന്ന് പറേണേ? മോളേ, എനിക്കൊരുകാര്‍ഡും വേണ്ടാ, ആളേവിട്‌ എന്നൊക്കെപ്പറഞ്ഞുനോക്കീട്ടും നമ്മുടെ ദിവ്യ എന്നെ വിടിണില്ല്യ! അവള്‍ക്ക്‌ ഒരു നൂറുരൂപ കമ്മീഷന്‍ കിട്ടാന്‍ വേണ്ടി ചേരണം പോലും. എന്നാല്‍ നാളെ വിളീന്ന് പറഞ്ഞാ അവള്‍ക്കത്‌ ഇന്നേ വേണം പോലും! പെട്ടോ പള്ളീ...!

അവള്‍ക്കുവേണ്ടി ഇന്നതില്‍ച്ചേരാമ്പോയാല്‍ ഡാന്‍ മുര്‍ഫീം, ഡാനിയേലുമൊന്നും എന്നെ വെറുതേവിടുംന്ന് തോന്നിണില്ല്യ. മാത്രോല്ല, അവള്‍ക്കായി റിസ്കെടുക്കാന്‍ അവളെന്റെ ഭാര്യോ കാമുക്യോന്ന്വല്ലല്ലോ! ഇതൊന്നും നമ്മുടെ ദിവ്യമോളെ ബാധിക്കുന്ന പ്രശ്നമല്ലപോലും! ഇതന്ന്യാണ്‌ ഞാന്‍ കൊറേകാലായിട്ട്‌ അവളോട്‌ പറയണത്‌ പോലും! എന്തായാലും സ്റ്റാറ്റസ്‌ റിപ്പോര്‍ട്ട്‌ കൊളാവും. ശരി, എന്നാ ഒന്നുമാറ്റിപ്പറയന്നേന്നും വിചാരിച്ചിട്ട്‌ നേരേ വിട്ടു കാന്റീനിലിയ്ക്ക്‌!

ഓ.കേ, ദിവ്യാ, സോ ആര്‍ യു കാളിംഗ്‌ ഫ്രം സിറ്റിബാങ്ക്‌ ക്രെഡിറ്റ്‌ കാര്‍ഡ്‌സ്‌? ഗുഡ്‌, വേര്‍ ഈസ്‌ യുവര്‍ ഓഫീസ്‌? ഞാനവള്‍ക്കിലയിട്ടു! അവള്‍ സ്ഥലം പറഞ്ഞപ്പോള്‍ അതെവിടെയാ, ഓ.എം.ആറില്‍ തന്നെയാണോ എന്നായി. റൂട്ടും ബസ്‌ നമ്പറും, ലാന്റ്‌മാര്‍ക്കും അടുത്ത കമ്പനികളും എല്ലാം വെടിപ്പായി ചോദിച്ചുമനസ്സിലാക്കി. പിന്നെ രാവിലെ എന്താ കഴിച്ചേ, വീട്ടില്‍ ഉണ്ടാക്കുകയാണോ, ഹോസ്റ്റെല്‍ എവിടെയാ, എത്രപേരുണ്ട്‌ മുറിയില്‍, ഏതെല്ലാം നാട്ടില്‍നിന്ന്, ഉച്ചക്ക്‌ പുറത്തുനിന്നാണൊ കഴിക്കുന്നെ, എന്താ കഴിക്ക്യാ, വീട്ടിലാരൊക്കെയുണ്ട്‌, വീടെവിട്യാ, വീട്ടില്‍പ്പോകാറുണ്ടോ... ചോദ്യങ്ങളുടെ പെരുവെള്ളപ്പാച്ചിലില്‍ ഏതാണ്ട്‌ ഒന്നര മണിക്കൂറോളം ഒലിച്ചുപോയിക്കാണും!

അവസാനം, എനിക്ക്‌ മടുത്ത്‌ "ശരി, ഇത്രേം സംസാരിച്ചതല്ലേ, ഉച്ചയ്ക്ക്‌ ആളെ വിട്ടോളൂ" എന്നുപറഞ്ഞ്‌ ഫോണ്‍ കട്ട്‌ ചെയ്യുമ്പോഴേക്കും അവളൊരു പരുവമായിരുന്നു. എന്തായാലും ഇനിയവള്‍ ആരെയും വിളിച്ച്‌ ശല്യപ്പെടുത്തുമെന്ന് തോന്നുന്നില്ല!

ഓ.ടോ: ഈ ചെറുകഥയിലെ കഥാതന്തുവും കഥാപാത്രങ്ങളും പൂര്‍ണ്ണമായും സാങ്കല്‍പ്പികമാണ്‌. ഇവയ്ക്ക്‌ ആരോടെങ്കിലും സാമ്യം തോന്നുകയാണെങ്കില്‍ അത്‌ തികച്ചും യാദൃശ്ചികം മാത്രമാണ്‌. (ഞാനത്ര കണ്ണീച്ചോരല്ല്യാണ്ടെ ഒരു പെണ്ണിനേം കഷ്ടപ്പെടുത്തീട്ട്‌ല്ല്യാന്ന് സാരം)

Wednesday, March 5, 2008

ജോലിസമയവര്‍ദ്ധന

ഡ്‌ജറ്റ്‌ വാര്‍ത്തകള്‍ വായിക്കുമ്പോള്‍ ഒരുതരം നിര്‍വികാരതയാണ്‌ തോന്നിയത്‌! ജോലിസമയം 10മണിക്കൂറാക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നു പോലും! ആദ്യം, ഇതിലെന്താ ഇത്ര പുതുമ എന്നു ചിന്തിച്ചെങ്കിലും, പിന്നീട്‌ ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചോര്‍ത്തു!

പശ്ചാത്യരാജ്യങ്ങളിലെ സാമ്പത്തികമാന്ദ്യം ഭാരതീയസാമ്പത്തികാവസ്ഥയെ ബാധിക്കാതിരിക്കാന്‍വേണ്ടിയെന്നൊരു മുടന്തന്‍ ന്യായവുമായാണ്‌ ജോലിസമയം വര്‍ദ്ധിപ്പിക്കുന്നത്‌. മനുഷ്യന്‌ എന്താ 8 മണിക്കൂറേ പണിയെടുക്കാന്‍ പാടുള്ളോ എന്നു ചോദിച്ചാല്‍, തീര്‍ച്ചയായും അല്ല. ആകെയുള്ള 24 മണിക്കൂറില്‍ മനുഷ്യന്‍ 10 മണിക്കൂര്‍ ജോലിചെയ്യുകയും, 8 മണിക്കൂര്‍ ഉറങ്ങുകയും ചെയ്താല്‍ പിന്നെ എന്തുണ്ടാകും ബാക്കി എന്നതാണിവിടെ എന്റെ പ്രശ്നം! ജോലിക്കുപോയിവരുമ്പോഴെക്കും ശേഷമുള്ളതില്‍ ഒരു മൂന്നുമണിക്കൂര്‍ കാലി. കുളി തുടങ്ങിയ പ്രാഥമിക കൃത്യങ്ങള്‍ക്ക്‌ രണ്ടുനേരവുംകൂടി 2 മണിക്കൂര്‍! ഇനി ബാക്കി 1 മണിക്കൂറാണോ ആകെ ജീവിതം? ഇനി പാശ്ചാത്യരാഷ്ട്രങ്ങളിലെ സാമ്പത്തികാവസ്ഥ മെച്ചപ്പെട്ടാല്‍ ഇവിടെ 6 മണിക്കൂര്‍ ജോലി ചെയ്താല്‍മതി എന്നിവര്‍ പറയുമോ ആവോ? (എന്തായാലും 24x7 എന്നൊന്നും പറയാതിരുന്നത്‌ നന്നായെന്നുതോന്നുന്നു)

ഇനി കമ്യൂണിസം ഒഴിവാക്കി ചിന്തിച്ചാല്‍ ഇതിന്‌ സാമൂഹികമായും പല വശങ്ങളുണ്ടെന്ന് കാണാന്‍ കഴിയും. ഒരു സാധാരണ മനുഷ്യന്‌ അവന്റെ ജോലിപോലെത്തന്നെ പ്രധാനമാകണം കുടുംബവും. ഇനിയുള്ള തലമുറയ്ക്ക്‌ സ്നേഹവും, വാല്‍സല്യവും പകരുകയും, അവരെ നേരായ വഴിക്കുനയിക്കുകയും, മനുഷ്യന്റെ മൃദുലവികാരങ്ങളെ സൂക്ഷ്മമായി സമൂഹത്തിലെ വാല്യൂസിസ്റ്റങ്ങളുമായി വിളക്കിച്ചേര്‍ത്ത്‌ ആരോഗ്യപരമായ ജീവിതാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യേണ്ടത്‌ ശക്തമായ കുടുംബബന്ധങ്ങളിലൂടെയാണ്‌. ജോലിസമയം വര്‍ദ്ധിപ്പിക്കുന്നതിലൂടെ, ഒരു സാധാരണ മനുഷ്യന്‌ ഇതൊന്നും സാധിക്കാതെ വരുന്നു. സ്വന്തം ഭാര്യയോടും കുട്ടികളോടും 'ഹായ്‌ ബൈ' ബന്ധം മാത്രം സൂക്ഷിക്കുന്ന ഭര്‍ത്താക്കന്മാരുടെയും, സ്വന്തം കുഞ്ഞിന്‌ അമ്മിഞ്ഞപ്പാല്‍കൂടി നിഷേധിക്കുന്ന അമ്മമാരുടേയും എണ്ണം ഇനിയും വര്‍ദ്ധിക്കുകയും, തന്മൂലം നമുക്ക്‌ വളര്‍ന്നുവരുന്ന ഒരു തലമുറയെ മുഴുവന്‍ നാശത്തിന്റെ പാതയിലേക്ക്‌ തള്ളിവിടേണ്ടിവരികയും ചെയ്യും!

മനുഷ്യജീവിതം തികച്ചും യാന്ത്രികമാകുന്നതോടെ സമ്മര്‍ദ്ദങ്ങള്‍ക്കടിമപ്പെട്ട്‌ ജോലിയെടുക്കുന്ന പാവകളായി നമ്മുടെ പൗരന്മാര്‍ തരംതാഴ്‌ത്തപ്പെകയും പൊതുജനങ്ങളുടെ മാനസികാരോഗ്യനില തകരാറിലാവുകയും ചെയ്തേക്കും. പിന്നെ, മനഃസമാധാനത്തിനായി സ്വാമിമാരും ആള്‍ദൈവങ്ങളും മറ്റുകള്ളനാണയങ്ങളുമൊക്കെയാവും നമുക്കാശ്രയം!

ചുരുക്കത്തില്‍, പൊതുജീവിതം യാന്ത്രികമാവുകയും മനുഷ്യമനസ്സാക്ഷി മരിക്കുകയും ബന്ധങ്ങള്‍ അകന്നുപോകുകയും സാമൂഹികാരക്ഷിതത്വത്തിലേക്ക്‌ എവരേയും തള്ളിവിടുകയും ചെയ്തുകൊണ്ട്‌ ഭാരതീയതയുടെ കടയ്ക്കുതന്നെ കത്തിവയ്ക്കുന്ന ഒരു തീരുമാനമാകും ഈ സമയവര്‍ദ്ധന!

വാല്‍ക്കഷ്‌ണം: ഒരു ദിവസം 24 മണിക്കൂറില്‍നിന്ന് വര്‍ദ്ധിക്കാതിരിക്കുന്നേടത്തോളം, ഈ സമയവര്‍ദ്ധന ഐ.ടി ജീവനക്കാരെ അത്ര വലുതായിട്ടൊന്നും ബാധിക്കാന്‍ പോകുന്നില്ലെന്ന് തോന്നുന്നു.