Thursday, February 21, 2008

എന്റെ ശബരിമല യാത്ര - 2

മൃതനായി അമൃതയില്‍

അമൃത എക്സ്പ്രസ്സ്‌ രാത്രി 10.15നു തന്നെ പാലക്കാട്‌ ജങ്ക്ഷനില്‍ വന്നുചേര്‍ന്നു. തീവണ്ടിയില്‍ നിറയെ ആളുള്ളപോലെ! വാതിലില്‍ വരെ ആളുകള്‍ തൂങ്ങിനില്‍ക്കുന്നു! പെട്ടോ, ഈശ്വരാ! ഞാന്‍ മനസ്സില്‍ ചിന്തിച്ചു! "ജിയോ, പറ്റ്യാ എനിക്കൂടെ ഒരു സീറ്റ്‌ പിടിച്ചോ; ഞാനും നോക്കാം" എന്നും പറഞ്ഞ്‌ ഒറ്റച്ചാട്ടത്തിന്‌ ഞാന്‍ വണ്ടിക്കുള്ളിലെത്തി.

ഇത്രയേറെ ആളുകള്‍ അവിടേം ഇവിടേം ആയി നില്‍ക്കുമ്പൊളും ഒരു സീറ്റില്‍ 2 കുട്ടികള്‍ കിടന്ന് ഉറങ്ങുന്നു! അതിനടുത്തു ചെന്ന് അവിടെ ഇരിക്കാമെന്ന് വച്ചപ്പോള്‍ ഒരു "മാന്യനായ" ഒരു മനുഷ്യന്‍ എന്നെ തടുത്തു. അവിടെ ആ സീറ്റില്‍ കിടക്കുന്നത്‌ അയാളുടെ മക്കളാണുപോലും! അതിന്‌ ഞാന്‍ എന്തുവേണമാവോ? അവിടെ ആരും ഇരിക്കാന്‍ പാടില്ല! "സാറെവിടെന്നാ?". ക്ഷോഭം ഉള്ളിലൊതുക്കിക്കൊണ്ട്‌ ഞാന്‍ വളരെ മാന്യമായി ചോദിച്ചു! ഉടന്‍ വന്നു മറുപടി "യു.എസ്സീന്ന്!"

ശ്ശെടാ പുലീ, എവനാളുകൊള്ളാമല്ലൊ. ഓ ഞാനാരാ മോന്‍. എനിക്കിലയിടുന്നോടാ..? എന്ന് മനസ്സിലോര്‍ത്തോണ്ട്‌ ഞാന്‍ അടുത്ത സാമ്പിള്‍ പൊട്ടിച്ചു; "സാറെവിടേക്കാ?". "പാതാളത്തിലേക്ക്‌" എന്നു മറുപടി. "പെട്ടോ ഈശ്വരാ; അപ്പോ ഈ വണ്ടി പാതാളത്തിലേക്കായിരുന്നോ? ഞാന്‍ ചെങ്ങന്നൂര്‍ക്കാ ച്ച്ട്ടാകേറ്യേ! നിര്‍ത്ത്വാ, ആളെറങ്ങണം!" ഞാനും വിട്ടുകൊടുത്തില്ല. ഇതെല്ലാം കേട്ട്‌ അടുത്ത്‌ നിന്നിരുന്ന ആളുകള്‍ക്ക്‌ ഈ മറുപടി ക്ഷ പിടിച്ചു! അവര്‍ എന്നെ സപ്പോര്‍ട്ട്‌ ചെയ്ത്‌ ചിരിയോചിരി!

അയാള്‍ക്കതിഷ്ടാല്ല്യ. അയാള്‍ പിന്നെയും എന്നെ തള്ളിക്കൊണ്ടേയിരുന്നു. ഇയാളോടുള്ള ദേഷ്യത്തിന്‌ ആ കുട്ടികളെ എഴുന്നേല്‍പ്പിക്കാന്‍ മടിച്ച്‌ ഞാന്‍ "ചുമടുതാങ്ങി"ക്കുമേല്‍ ഇരിക്കാന്‍ നോക്കുമ്പോള്‍ അയാളുടെ കീബോര്‍ഡ്‌! അതും മലര്‍ത്തി വച്ചിരിക്കുന്നു. അത്‌ നിര്‍ത്തിവച്കാല്‍ എനിക്കവിടെ ഇരിക്കാമല്ലോ എന്നു വച്ച്‌ അതു നീക്കിയപ്പോള്‍ അയാള്‍ ബഹളം തുടങ്ങി! ഇവന്‍ ചുമ്മാ അടങ്ങുമെന്നു തോന്നുന്നില്ലല്ലോ ഭഗവാനേ! അപ്പോഴേക്കും ആളുകള്‍ ബഹളം വച്ചുതുടങ്ങി. ഞാനയാളുടെ കീബോര്‍ഡ്‌ നിര്‍ത്തിവച്ച്‌ അവിടെ സ്ഥലമുണ്ടാക്കുമ്പോഴെക്കും ജീയോയും അവിടെ വന്നുചേര്‍ന്നു (ഇതെല്ലാം വണ്ടിയില്‍ കയറിയിട്ട്‌ ഏതാണ്ട്‌ 45 നിമിഷങ്ങള്‍ക്കുള്ളിലാണ്‌)

ജിയോ വന്ന ഉടനെ ചുമടുതാങ്ങിയില്‍ കയറിയിരുന്നു. ഞാനാസീറ്റില്‍ കുട്ടികള്‍ കിടക്കുന്നതിന്‌ ഒരല്‍പ്പം മാറി ഇരിപ്പുറപ്പിച്ചു. എന്റെയീ സ്വഭാവം കണ്ട്‌ അമ്പരന്ന നമ്മുടെ 'സാര്‍' എന്നെനോക്കി ഒരു പുച്ഛഭാവത്തൊടെ എവിടെന്നാ എന്നൊരു ചോദ്യത്തിന്‌ "ഞാനോ..? ഞാന്‍ ചന്ദ്രനീന്നാ" എന്നു വിനയാന്വിതനായി ഞാന്‍ മറുപടി കൊടുത്ത്‌ എതിരെ നോക്കുമ്പോള്‍ ഒരു സ്വാമി; ശബരിമലയില്‍നിന്നു വരികയാണെന്ന് കണ്ടാലറിയാം, പിന്നെ ജീന്‍സും ഷര്‍ട്ടും ധരിച്ച്‌ പാന്‍ പരാഗും ഹംസുമായി ഇരിക്കുന്ന ഒരു ചെറുപ്പക്കാരന്‍, പിന്നേയും ആരൊക്കെയോ...

(തുടരും)

5 comments:

  1. കൊള്ളാം...പുരോഗമിയ്ക്കുന്നുണ്ടല്ലോ.
    :)

    ReplyDelete
  2. നല്ല വിവരണം ട്ടോ
    :)
    ഉപാസന

    ReplyDelete
  3. ശ്രീ:
    ഉപാസന:
    ശ്രീവല്ലഭന്‍:
    ഒരുപാട്‌ നന്ദി.
    എഴുതാന്‍ പഠിച്ച്‌ വരണേള്ളൂ! :)

    പ്രിയ ഉണ്ണികൃഷ്ണന്‍:
    മൂന്നാം ഭാഗം, ദെ ഇപ്പൊ ഇട്ടിട്ടേള്ളൂ!

    ReplyDelete