Tuesday, February 19, 2008

എന്റെ ശബരിമല യാത്ര - 1

ഫെബ്രുവരി 14, 2008(വാലെന്റൈന്‍സ്‌ ഡെ):


രാവിലെ ഒരു 6.30ഓടെ രാജീവിനെ വിളിച്ചു. അയാള്‍ രാത്രിയേ എന്നെ വിളിച്ച്‌ എനിക്ക്‌ പെര്‍മിഷന്‍ തരാന്‍ കഴിയുമോ എന്ന്‌ പറയാമെന്ന്‌ പറഞ്ഞിരുന്നതാണ്‌!

അയാള്‍ വിളിക്കില്ലെന്നും, ഞാന്‍ രാവിലേ വിളിച്ചാല്‍ ഉറപ്പായും മുടന്തന്‍ ന്യായങ്ങള്‍ പറയുമെന്നും എനിക്കറിയായ്കയല്ല. എന്നാലും ശബരിമലക്കുപോകേണ്ടത്‌ എനിക്കാണല്ലോ. സ്വതസിദ്ധമായ ഗൗരവത്തില്‍ "ഇളന്‍ ഡിഡ്‌ നോട്‌ റിപ്ലേ മീ ആസ്‌ ഓഫ്‌ നൗ. ഓ.കെ, യു കാന്‍ സ്റ്റാര്‍ട്ട്‌. ഐ വില്‍ ടേക്‌ കെയര്‍ ഓഫ്‌ ദ റിമൈനിങ്‌" എന്ന്‌ അയാള്‍ പറയാന്‍ കാരണമെന്തെന്ന്‌ എനിക്കിപ്പൊഴും അറിയില്ല!

എന്തായാലും ഞാന്‍ ശബരിമലക്ക്‌ പോകുന്നകാര്യം നാടാകെ അറിയിക്കാന്‍ എന്റെ കോണ്ടാക്‌റ്റ്‌ ലിസ്റ്റിലുള്ള സകലരെയും ഞാന്‍ വിളിച്ചു പറഞ്ഞു. 11.30നുള്ള മംഗലാപുരം ചെന്നൈ തീവണ്ടിക്ക്‌ സെന്റ്രലില്‍ നിന്നും പാലക്കാട്ടേക്ക്‌ പോയി, അവിടെന്ന്‌ അമൃതക്ക്‌ ചെങ്ങന്നൂര്‍ക്ക്‌ പോകാനായിരുന്നു എന്റെ പരിപാടി!

10മണിയോടെ ഞാന്‍ ജെനെറല്‍ ടിക്കറ്റും വാങ്ങി നേരെ തീവണ്ടിയില്‍ കയറി. ആരും ഇരിക്കുന്നില്ലായിരുന്നെങ്കിലും എല്ലാ സീറ്റിലും ന്യൂസ്‌പേപ്പറുകളോ, തോര്‍ത്തുമുണ്ടുകളോ വച്ചു ആരോ പിടിച്ചിരുന്നു! അവിടെയിരുന്നിരുന്ന ഒരാളോടുചോദിച്ചപ്പോള്‍ "അവിടെയെല്ലാം ഇപ്പൊ ആള്‍ക്കാര്‍ വരും" എന്ന മറുപടി കിട്ടി. കുറച്ചുകഴിഞ്ഞപ്പോള്‍ അയാള്‍ പതുക്കെ എന്റെ അടുത്ത്‌ വന്ന്‌ ജനലിനടുത്തിരിക്കണോ എന്നു ചോദിച്ചു! "കൊള്ളാം, മോനെ. നിനക്കു നല്ല പണി ഞാന്‍ തരാം" എന്നു മനസ്സില്‍ നിശ്‌ചയിച്ച്‌ വേണ്ടെന്ന അര്‍ഥത്തില്‍ ഞാന്‍ തലയാട്ടി. അല്ല, ഗവണ്‍മെന്റിന്‌ കൊടുക്കുന്നതുപോരാഞ്ഞ്‌ കണ്ണീക്കണ്ട പട്ടിക്കും പൂച്ചക്കും പൈസ കൊടുക്കാനോ?, അതും അന്യായമായി? എന്റെ രക്തം തിളച്ചു! (ഈ രക്തം തിളക്കുന്ന സ്വഭാവം പണ്ടേ ഉള്ളതാണേ, വേറാരേലും വല്ല തൊന്ന്യാസോം കാണിച്ചാല്‍ അതങ്ങനെ തിളച്ചുമറിയും, പക്ഷെ, ഞാനാണ്‌ കാണിക്കണതെങ്കില്‍ ഒരു കൊഴപ്പോംല്ല്യ!)

പരാതിപ്പെടാന്‍ എനിക്കു തെളിവുവേണമല്ലോ; അവസരം വരുന്നവരെ ഞാന്‍ കാത്തിരുന്നു. അയാള്‍ ഒരു സീറ്റ്‌ വിറ്റ്‌ ആ കാശ്‌ മുണ്ടിന്റെ കുത്തില്‍ തിരുകണത്‌ കണ്ടപ്പോള്‍ എന്നിലെ പൗരബോധം ഉറഞ്ഞുതുള്ളി. ഞാന്‍ ഓടിപ്പോയി റെയില്‍വേ പോലീസിനെയും കൂട്ടി വന്നു. കാര്യായിട്ടൊരാളേം കൈകാര്യം ചെയ്യാന്‍കിട്ടാതെ സങ്കടപ്പെട്ടുനില്‍ക്കുന്ന അവര്‍ ശരിക്കും ഹാപ്പിയായി. ഓടി വന്ന ഉടനേ അവര്‍ മൂന്നു വാതിലുകളിലൂടെയും ഇരച്ചു കയറി. അവര്‍ക്ക്‌ ഞാന്‍ നമ്മുടെ കഥാനായകനെ ജനലിലൂടെ കാണിച്ചുകൊടുത്തിരുന്നു! വന്ന ഉടനെ ചിലര്‍ ആ ന്യൂസ്‌പേപ്പറുകളും തോര്‍ത്തുമുണ്ടുകളും വലിച്ചെറിഞ്ഞു! മറ്റുചിലര്‍ ഓടിപ്പോയി അയാളോടു ടിക്കറ്റ്‌ ചോദിച്ചു. അയാള്‍ടേലുണ്ടൊ ടിക്കറ്റ്‌? ഉടനേ നമ്മുടെ സംഘം, എന്റെ പ്രതിഷേധത്തെ വകവെക്കാതെ, ലാത്തി തുടങ്ങിയ സംഗീതോപകരണങ്ങളാല്‍ തങ്ങളുടെ കലാപ്രകടനം ആരംഭിച്ചു! നമ്മുടെ കഥാനായകന്‍ മില്‍ഖാസിങ്ങിനെപ്പോലെ ഓട്ടം തുടങ്ങി. വിടുമോ നമ്മുടെ കാവല്‍ദുറൈ? വളരെക്കാലംകൂടി കിട്ടിയ ഒരു അവസരമല്ലേ, അവരും പിന്നാലെ! അയാളെ വടിയെറിഞ്ഞു വീഴ്ത്തി നേരെ കൊണ്ടുപോയി പിഴയും ചാര്‍ജ്‌ ചെയ്തിട്ട്‌ 'മേലാല്‍ റെയില്‍വേ പരിസരത്തു കണ്ടുപോകരുത്‌' എന്നും കല്‍പ്പിച്ചു പറഞ്ഞു വിട്ടു.

ഇതോടെ എനിക്കൊരു ലിറ്റില്‍ ഹീറൊ പരിവേഷം കിട്ടിയപോലെ. ഒരുപാടാളുകള്‍ വന്ന്‌ ഞാന്‍ ചെയ്തത്‌ ഒരു നല്ല കാര്യമാണെന്നും അതുകൊണ്ടാണവര്‍ക്കിരിക്കാന്‍ സീറ്റ്‌ കിട്ടിയത്തെന്നും പറഞ്ഞ്‌ എന്നെ അഭിനന്ദിച്ചു!അങ്ങനെ യാത്രയില്‍ കുറെ മലയാളികളെക്കൂടി ഞാന്‍ പരിചയപ്പെട്ടു. വയനാട്ടില്‍ നിന്നുള്ള ഒരു "അഷ്‌റഫ്‌ അവന്റെ നമ്പര്‍ എന്ന്‌ പറഞ്ഞ്‌ തന്നത്‌ മൈസൂരിലുള്ള ഒരു കൊച്ചു സുന്ദരിയുടെ നമ്പറാണെന്ന്‌ ഞാന്‍ പിന്നീടറിഞ്ഞു! (നന്നായിന്നല്ലേ? ശരിക്കും! പുള്ളിക്കാരി മലയാള്യന്ന്യാണേ!). പിന്നെ എറണാകുളത്ത്‌ അമൃതയില്‍ ഇന്റര്‍വ്യൂവിനു പൊണ ജിയോ, അങ്ങനെ അങ്ങനെ!ഏതായാലും പാലക്കാട്‌ എത്തിയതറിഞ്ഞില്ല! എറങ്ങുമ്പൊ, എല്ലാര്‍ക്കും വിഷമം.

ഞാനും ജിയോയും അവിടെന്നു ഭക്ഷണം കഴിച്ച്‌ ടിക്കറ്റും വാങ്ങി അമൃതയ്ക്കു കാത്തിരുന്നു!

6 comments:

  1. ആറ്റുനോറ്റുള്ള ഈ ശബരിമല യാത്രയുടെ വിവരണം വിശ്വസ്പന്ദനത്തില്‍ തുടരുന്നു. അടുത്ത പോസ്റ്റില്‍ അമൃത എക്സ്പ്രസ്സിലെ വിശേഷങ്ങളും അവിടെ പരിചയപ്പെട്ട ഒരു സ്വാമിയുടെയും കഥയിലേക്ക്‌

    ReplyDelete
  2. ഇതു പോലെ ഉള്ള കാഴ്ചകള്‍ ഇടയ്ക്ക് കാണാറുണ്ട്. മിക്കവരും പരാതിപ്പെടാനൊന്നും നോക്കാതെ മിണ്ടാതിരിയ്ക്കുകയാണ്‍ പതിവ്.

    ReplyDelete
  3. നന്നായി ഇതു ചെന്നൈയില്‍ പതിവാ.
    പിന്നെ ശബരിമല പോക്ക് ആഘോഷ പൂര്‍ണ്ണമായിരുന്നുവല്ലേ:-)

    ReplyDelete
  4. ചന്തൂട്ട,
    കൊള്ളാം. നല്ല വിവരണ രീതി. പെട്ടന്ന് തന്നെ അടുത്തത് എഴുത്‌. ബോസ്സ് കാണണ്ട :-)

    ReplyDelete
  5. wat u did in train is very rite...i went thru this same phase many times,but was never able to do anything...but u did the right move.....great yaar!!! keep ur works goin...its very interstin to read...hopin for ur nice n fun posts more in future....arunghosh!!

    ReplyDelete
  6. ശ്രീ: വളരേ ശരിയാണ്‌. എന്തോ, എനിക്കപ്പൊ അങ്ങനെ തോന്നിയെന്ന് മാത്രം

    നിനോജ്‌: ചെന്നെയില്‍ മാത്രമല്ല, ശ്രീ പറഞ്ഞപോലെ ഇത്‌ പലയിടത്തും സംഭവിക്കുന്നകാര്യമാണ്‌. :(
    യാത്ര വളരെ അടിപൊളിയായിരുന്നു കേട്ടോ :)

    ശ്രീവല്ലഭന്‍: ഒരുപാടൊരുപാട്‌ നന്ദി. കഴിയുന്നതും വേഗം എഴുതാം

    അരുണ്‍ ഘോഷ്‌ [Arun]: ഒരുപാട്‌ നന്ദി. ഇതെത്ര മുന്നോട്ട്‌ പോകുമെന്നെനിക്കറിയില്ല!

    എന്റെ ശബരിമല യാത്രയില്‍ വന്നവര്‍ക്കും, വായിച്ചവര്‍ക്കും, അവരുടെ അഭിപ്രായങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും ഒരുപാട്‌ ഒരുപാട്‌ നന്ദി

    ReplyDelete