Monday, December 1, 2008

ആത്മാവും, കുറേ ജാലകങ്ങളും

സ്ഥലം: കവിതാരചനാമത്സരവേദി
സമയം: ജനുവരി 13, 2002, രാവിലെ പതിനൊന്നാവാൻ പത്തുമിനിട്ട്.

ഞാൻ ചെയ്യുന്നത്:
എഴുതുവാനില്ലെനിക്കൊന്നുമെന്നാലുമെൻ
തൂലിക പയ്യെ തുടിച്ചിടുന്നു
ശുന്യമാം മാനസം വാടിത്തളന്നുപോയ്
ചിന്തയും ശ്രദ്ധയും വന്നിടാതെ.

വിഷയംകിടക്കുന്നു "ബോർഡിന്റെ" മദ്ധ്യത്തിൽ
മാമകചിത്തത്തെ ഭേദിക്കാതെ!
സത്യത്തിലെന്തോ വരുന്നുണ്ടുചിന്തയിൽ
എന്താണെന്നൊട്ടുമേ വ്യക്തമല്ല.

മറ്റുള്ളവർ:
എഴുതുകയാണവർ കടലാസിൽ സ്വന്തമാം
ചിത്തത്തിൽ വന്നതു പോലെയൊക്കെ
അതിചിന്താധാരയിൽ ഉജ്ജ്വലമാണവ
അത്യാധുനികങ്ങൾ തന്നെയല്ലോ

വരികൾക്കൊരീണവും താളവുമില്ലാതെ
മുറുകിക്കിടക്കുന്നപോലയത്രേ
ചിട്ടയോ വട്ടമോ വേണ്ടാത്തതാകയാൽ
ആശയവ്യക്തതയൊട്ടുമില്ല.

*****

അത്യാധുനികമാം കവിതയ്ക്കു വൃത്തവും ഈണവു
മൊന്നുമേ വേണ്ടെങ്കിലോ?
ആസ്വാദ്യയോഗ്യമായില്ലെങ്കിലും മർത്ത്യ മാനസ-
ഖണ്ഡമായ് തീർന്നിടണ്ടേ?!!

ആശയവ്യക്തതയില്ലാത്ത ചിന്തയ്ക്കു
ചാലാകും സൃഷ്ടിക്കു വൃത്തമില്ല
താളാത്മകമല്ല മാനുഷചിന്തകൾ
അതിനാൽ കവിതയ്ക്ക് ഈണമില്ല.

സ്ഥായിയാമവ്യക്തഭാവം സ്ഫുരിക്കുന്ന
കവിതയാനൊന്നാമതെന്ന ചിന്ത
കൊണ്ടുനടക്കുന്ന പാവംകവികൾതൻ
സൃഷ്ടിക്കോ ഇമ്പമോ ഈണമോ ഇല്ലതന്നേ.

എന്താണുകവിതയെന്നാലോചിക്കാനായി
ചിന്താസംഘർഷാധീനനായ് ഞാൻ
തോന്നിയപോലെന്തോ വരികൾകുറിച്ചിട്ടു
കടലാസു പയ്യേ മടക്കിവച്ചു.

*****

താളമാണേറ്റം പ്രധാനമെന്നാലുമേ
ചിന്തയ്ക്കു പാത്രമായ് തീർന്നിടുമ്പോൾ
വ്യ്ത്യാസമേറുന്നു താളത്തിനാദ്യമായ്
ആശയകാഠിന്യത്തോടുകൂടി.

എങ്കിലുമേറ്റവും താളബോധത്തോടെ
ചിന്താവൃത്താദിസംയുക്തമായി
തോന്നുന്ന വിഷയത്തിൽ കുത്തിക്കുറിക്കുന്ന
വരികൾ കവിതകൾ തന്നെയത്രേ!

വാൽക്കഷ്ണം:
തേനിൻമധുരവും ചിന്തയും താളവും
വൃത്തവും ചേർന്നുള്ളകൂട്ടുലോഹം
നോവും മനസ്സെന്ന മൂശയിൽ വീഴുമ്പോൾ
ഒഴുകുന്ന കവിതയായ് മാറിടുന്നു.
(പഴയ പ്ലസ്‌ടൂ ഡയറിയിൽ നിന്നും ഒരു കവിതകൂടി)

No comments:

Post a Comment